തട്ടേക്കാട് യുവാവിന്‍റെ മരണം വെടിയേറ്റത് മൂലമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചെന്നായിരുന്നു നേരത്തെയുള്ള വിവരം
തട്ടേക്കാട് പക്ഷി സങ്കേതത്തില്‍ വച്ച് യുവാവ് മരിച്ചത് വെടിയേറ്റാണെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. വെടിയേറ്റ് രക്തം വാര്‍ന്നതാണ് മരണ കാരണമെന്നാണ് റിപ്പോര്‍ട്ടില്‍. ആനയെ തുരത്താന്‍ ശ്രമിക്കുന്നതിനിടെ വെടിയേറ്റതാകാമെന്നാണ് സംശയം.
ബുധനാഴ്ച്ചയാണ് വഴുതനപ്പള്ളില്‍ മാത്യുവിന്‍റെ മകന്‍ ടോണി തട്ടേക്കാട് പക്ഷി സങ്കേതത്തില്‍ മരിച്ചത്. ആനയുടെ ആക്രമണത്തിലാണ് മരണമെന്നായിരുന്നു സൂചന. ടോണിയും പരുക്കേറ്റ ബേസിലും ഉള്‍പ്പെടെ നാലംഗസംഘം നായാട്ടിനായാണ് കാട്ടിലെത്തിയതെന്നായിരുന്നു വിവരം. ആനയുടെ ആക്രമണത്തിനിടെ ഓടി രക്ഷപ്പെട്ടവരാണ് അപകടവിവരം നാട്ടുകാരെ അറിയിച്ചത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ടോമി മരിച്ചിരുന്നു.
വെടിയേറ്റ മുറിവില്‍ നിന്ന് രക്തം വാര്‍ന്നതാണ് മരണകാരണമെന്നാണ് സൂചന. സംഭവ സ്ഥലത്ത് നിന്ന് നാടന്‍തോക്ക് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ആനയുടെ ചവിട്ടേറ്റ് തോക്ക് തകര്‍ന്ന നിലയിലായിരുന്നു. സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട സജിത്ത്, അനീഷ് എന്നിവര്‍ ഒളിവിലാണ്. ഇവര്‍ക്കുവേണ്ടി പോലീസ് തെരച്ചില്‍ തുടരുകയാണ്. പരുക്കുപറ്റിയ വാട്ടപ്പള്ളില്‍ ബേസില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.