അരങ്ങുണരാന്‍ ഇനി ഒരു ദിവസം മാത്രം; അണിഞ്ഞൊരുങ്ങി കണ്ണൂര്‍
ഇരുപത് വേദികളിലായി നടക്കുന്ന മത്സരങ്ങള്‍ക്കായി കണ്ണൂര്‍ അവസാന വട്ട ഒരുക്കത്തിലാണ്
അന്‍പത്തിയേഴാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് അരങ്ങുണരാന്‍ ഇനി ഒരു ദിവസം മാത്രം. ഇരുപത് വേദികളിലായി നടക്കുന്ന മത്സരങ്ങള്‍ക്കായി കണ്ണൂര്‍ അവസാന വട്ട ഒരുക്കത്തിലാണ്. കലോത്സവത്തിന്‍റെ സ്വര്‍ണക്കപ്പ് ഇന്ന് ജില്ലയിലെത്തും.
ഒരു പതിറ്റാണ്ടിന് ശേഷം കണ്ണൂരിന്‍റെ മണ്ണിലെത്തുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തെ സ്വീകരിക്കാനുളള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. പോലീസ് മൈതാനിയില്‍ തയ്യാറാക്കുന്ന പ്രധാന വേദിയുടേതടക്കം നിര്‍മ്മാണം ഇന്ന് പൂര്‍ത്തിയാവും. സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുളള ഭക്ഷണപുരയുടെ നിര്‍മ്മാണവും ദ്രുതഗതിയില്‍ പുരോഗമിക്കുന്നു.
ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലക്ക് സമ്മാനിക്കുന്ന 117 പവന്‍റെ സ്വര്‍ണക്കപ്പ് ഇന്ന് ജില്ലയിലെത്തും. കോഴിക്കോട് ട്രഷറിയില്‍ സൂക്ഷിച്ചിട്ടുളള സ്വര്‍ണ കപ്പ് ഉച്ചക് രണ്ട് മണിയോടെ ജില്ലാ അതിര്‍ത്തിയായ മാഹിയില്‍ മന്ത്രി കടന്നപ്പളളി രാമചന്ദ്രനും പൊതുവിദ്യാഭ്യാസ ഡയറക്ടറും ചേര്‍ന്ന് ഏറ്റു വാങ്ങും. 16 മുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 20 സ്ഥലങ്ങളില്‍ പാര്‍ക്കിങ്ങിനുളള സൌകര്യവും തയ്യാറാക്കി. രണ്ടായിരത്തോളം പോലീസുകാരെ സുരക്ഷക്കായി വിന്യസിക്കും.
തിരുവനന്തപുരം ജില്ലയില്‍ നിന്നുളള പ്രതിഭകളാണ് ആദ്യം കണ്ണൂരിലെത്തുക. നാളെ വൈകിട്ട് റെയില്‍വെ സ്റ്റേഷനില്‍ സംഘാടക സമിതി ഇവര്‍ക്ക് സ്വീകരണം നല്‍കും. കോര്‍പറേഷന്‍ പരിധിയിലെ 12 സ്കൂളുകളിലായി മത്സരാര്‍ത്ഥികള്‍ക്ക് താമസ സൌകര്യം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. 16ന് വൈകിട്ട് നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കലോത്സവത്തിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിക്കും.