കൊല്ലം കാക്കത്തോപ്പ് തീരത്ത് നിരവധി വീടുകള്‍ കടലെടുത്തു
ഹന്‍സിത എന്ന മണ്ണ് മാന്തികപ്പല്‍ നങ്കൂരം പൊട്ടി എത്തിയതോടെ കൊല്ലം കാക്കത്തോപ്പ് തീരത്ത് നിരവധി വീടുകള്‍ കടലെടുത്തു
കടല്‍ക്ഷോഭത്തിനിടെ നങ്കൂരം പൊട്ടി കൊല്ലം തീരത്തടിഞ്ഞ മണ്ണ് മാന്തി കപ്പല്‍ ഹന്‍സിത പുറംകടലിലേക്ക് മാറ്റാനുള്ള നടപടികള്‍ മുന്നാഴ്ച്ചയ്ക്കിപ്പുറവും എങ്ങുമെത്തുന്നില്ല. മുംബൈയില്‍ നിന്നും ടഗ്ഗ് കൊണ്ട് വന്നെങ്കിലും ഇത് ഫലപ്രദമാകില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. കപ്പല്‍ തീരത്ത് അടിഞ്ഞതിനെത്തുടര്‍ന്ന് കൊല്ലം കാക്കത്തോപ്പ് തീരത്ത് നിരവധി വീടുകള്‍ കടലെടുത്തു
അന്‍പതോളം മത്സ്യതൊഴിലാളി കുടുംബങ്ങള്‍ താമസിക്കുന്ന കൊല്ലം കാക്കത്തോപ്പ് തീരത്ത് നിന്നുള്ള കാഴ്ച്ചകളാണിവ. കഴിഞ്ഞ മാസം വരെ കാക്കത്തോപ്പിലെ മത്സ്യത്തൊഴിലാളികള്‍ക്ക് സ്വന്തമായി വസതി ഉണ്ടായിരുന്നു, എന്നാല്‍ ഹന്‍സിത എന്ന മണ്ണ് മാന്തികപ്പല്‍ നങ്കൂരം പൊട്ടി ഇവിടേക്ക് എത്തിയതോടെ തീരത്തിന്റെ ഒരു ഭാഗം കടലെടുത്തു തുടങ്ങി. 9 വീടുകളാണ് ഇതുവരെ കടലാക്രമണത്തില്‍ തകര്‍ന്നത്.
വീടുകള്‍ കടലെടുത്തത്തോടെ സമീപത്തുള്ള ഒരു സ്‌കൂളില്‍ അഭയം പ്രാപിച്ചിരിക്കുകയാണ് മത്സ്യത്തൊഴിലാളികള്‍. എന്നാല്‍ കപ്പല്‍ കൊണ്ട് പോകുന്നതിനുള്ള നടപടികള്‍ ഇതുവരയെും എങ്ങുമെത്തിയിട്ടില്ല. മുംബൈയില്‍ നിന്നും ടഗ്ഗ് കൊണ്ട് വന്നെങ്കിലും വടം പൊട്ടുന്നതിനാല്‍ കപ്പല്‍ വലിച്ച് നീക്കുക പ്രായോഗികമല്ലെന്നാണ് കൊല്ലം പോര്‍ട്ട് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.