ജിസിഡിഎ ധവളപത്രം ഇറക്കി
കുടിശ്ശിക പിരിക്കുന്നതില്‍ പോലും വലിയ വീഴ്ച്ചയാണ് കഴിഞ്ഞകാലങ്ങളിലുണ്ടായതെന്ന് ധവളപത്രം പ്രസിദ്ധീകരിച്ചുകൊണ്ട് ജിസിഡിഎ ചെയര്‍മാന്‍ സി എന്‍ മോഹനന്‍
കഴിഞ്ഞ കാലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ജിസിഡിഎ ധവളപത്രം ഇറക്കി. കുടിശ്ശിക പിരിക്കുന്നതില്‍ പോലും വലിയ വീഴ്ച്ചയാണ് കഴിഞ്ഞകാലങ്ങളിലുണ്ടായതെന്ന് ധവളപത്രം പ്രസിദ്ധീകരിച്ചുകൊണ്ട് ജിസിഡിഎ ചെയര്‍മാന്‍ സി എന്‍ മോഹനന്‍ പറഞ്ഞു. അനധികൃതമായി കൈമാറ്റം ചെയ്ത ഭൂമികള്‍ തിരിച്ചുപിടിക്കാന്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.
കഴിഞ്ഞ ഭരണസമിതിയുടെ കാലത്തെ നടപടികളെല്ലാം വിവാദമായതിനാലാണ് ബജറ്റിന് മുന്നോടിയായി ജിസിഡിഎ ധവളപത്രം പുറത്തിറക്കിയത്. ജിസിഡിഎയുടെ വരുമാനത്തിലെ മുഖ്യശ്രോതസ്സായ വാടക പിരിക്കല്‍ കാര്യക്ഷമമായിരുന്നില്ലെന്ന് ധവളപത്രം വ്യക്തമാക്കുന്നു. ജിസിഡിഎയ്ക്ക് കീഴിലെ സ്ഥാപനങ്ങള്‍ നല്‍കേണ്ട അംശാദായ കുടിശ്ശിക 40 കോടി കവിഞ്ഞതായും ചെയര്‍മാന്‍ പറഞ്ഞു. ഇവ പിരിച്ചെടുക്കാന്‍ കാര്യമായ നടപടികള്‍ കഴിഞ്ഞ ഭരണസമിതി സ്വീകരിച്ചില്ല.
നഷ്ടത്തിലായ ലേസര്‍ ഷോ, എക്കോഫാം ടൂറിസം പദ്ധതി എന്നിവ ഇനിയെന്ത് ചെയ്യണമെന്ന് ആലോചിച്ച് വരികയാണ്. കഴിഞ്ഞ ഭരണസമിതി നടത്തിയ ഭൂമി ഇടപാടുകള്‍ റദ്ദാക്കാനുള്ള നീക്കങ്ങള്‍ക്കും രൂപം നല്‍കിയിട്ടുണ്ട്. കുടിശികകള്‍ പിരിച്ചെടുക്കാന്‍ പ്രത്യേകവിഭാഗം രൂപീകരിക്കും. സംസ്ഥാന വിജിലന്‍സും റവന്യൂവകുപ്പും ചേര്‍ന്ന് അഴിമതികളില്‍ നടപടിയെടുക്കണമെന്നും ചെയര്‍മാന്‍ ആവശ്യപ്പെട്ടു.