ബാര്‍കോഴ റിപ്പോര്‍ട്ട് പുറത്ത്: കേരള കോണ്‍ഗ്രസില്‍ തര്‍ക്കം
റിപ്പോര്‍ട്ടിനെ അന്വേഷണസമിതി അധ്യക്ഷന്‍ സി എഫ് തോമസ് തള്ളിയതോടെ കരുതലോടെയാണ് കെ എം മാണിയുടെ നീക്കം
ബാര്‍കോഴയില്‍ ഗൂഢാലോചനയുണ്ടെന്ന റിപ്പോര്‍ട്ട് പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്നുതന്നെ പുറത്തുവന്നതോടെ കെ എം മാണി പ്രതിരോധത്തിലായി. പാര്‍ട്ടിയുടെ എംഎല്‍എമാരെ പോലും കാണിക്കാതെയാണ് ഇങ്ങനെയൊരു റിപ്പോര്‍ട്ട് പുറത്തുവന്നത്. റിപ്പോര്‍ട്ടിനെ അന്വേഷണസമിതി അധ്യക്ഷന്‍ സി എഫ് തോമസ് തള്ളിയതോടെ കരുതലോടെയാണ് കെ എം മാണിയുടെ നീക്കവും.
ബാര്‍കോഴ ഗൂഢാലോചന സംബന്ധിച്ച് കേരളാ കോണ്‍ഗ്രസ് എം ആരോപിച്ച വിഷയങ്ങളുടെ അന്വേഷണ റിപ്പോര്‍ട്ട് മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍വരെ ആശയക്കുഴപ്പത്തിലായി. പാര്‍ട്ടി കേന്ദ്രങ്ങളിലൂടെ തന്നെ ഈ റിപ്പോര്‍ട്ട് പുറത്തുവന്നത് കെ എം മാണിയുടെ അറിവോടെയാണെന്നാണ് മുതിര്‍ന്ന നേതാക്കളുടെ വിശ്വാസം. കെ എം മാണിയുടെ വിശ്വസ്തനും പാര്‍ട്ടി നിയോഗിച്ച അന്വേഷണ സമിതി അധ്യക്ഷനുമായ ഡപ്യൂട്ടി ചെയര്‍മാന്‍ സി എഫ് തോമസ് വിഷയത്തില്‍ നീരസം പ്രകടിപ്പിച്ചതോടെ കെ എം മാണിയുടെ പ്രതികരണവും കരുതലോടെയായി.
70 പേജുകളുള്ള റിപ്പോര്‍ട്ടിന്‍റെ ആമുഖ പേജില്‍ സി എഫ് തോമസിന്‍റെ പേരിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടത്. അതുകൊണ്ടുതന്നെ റിപ്പോര്‍ട്ടിനെ തള്ളാതെയും സി എഫ് തോമസിനെ കൂടുതല്‍ പ്രകോപിപ്പിക്കാതെയുമായിരുന്നു മാണിയുടെ പ്രതികരണം. പല ഘട്ടങ്ങളിലായി പല അന്വേഷണ റിപ്പോര്‍ട്ടുകളും താന്‍ കണ്ടിട്ടുണ്ട്. മാധ്യമങ്ങളിലൂടെ പുറത്തുവന്ന റിപ്പോര്‍ട്ട് സി എഫ് തോമസിന് അറിവില്ലെന്ന് പറഞ്ഞത് ശരിയെന്നാണ് മാണി പ്രതികരിച്ചത്. റിപ്പോര്‍ട്ട് പാര്‍ട്ടികേന്ദ്രങ്ങളിലൂടെതന്നെ പുറത്തുവന്നതില്‍ പാര്‍ട്ടിയുടെ എംഎല്‍എമാര്‍ക്കും അതൃപ്തിയുണ്ട്.
യുഡിഎഫിലേക്ക് തിരികെ പോകണമെന്ന് അഭിപ്രായമുള്ളവരെ പാര്‍ട്ടിക്കുള്ളില്‍തന്നെ തളയ്ക്കാനാണ് ഇത്തരമൊരു നീക്കം കെ എം മാണി നടത്തിയതെന്നാണ് എംഎല്‍എമാരില്‍ ചിലരുടെ വിശ്വാസം. അതുകൊണ്ടുതന്നെ വരും ദിവസങ്ങളില്‍ കൂടുതല്‍ അപസ്വരങ്ങള്‍ മാണി വിഭാഗത്തില്‍നിന്നുതന്നെ പുറത്തുവന്നേക്കാം. ഒപ്പം ജോസഫ് വിഭാഗത്തിന്‍റെ നീക്കവും ശ്രദ്ധേയമാകും. പാര്‍ട്ടി ഫോറത്തില്‍ വിഷയം ഇനി ചര്‍ച്ചയ്ക്ക് എത്തിയാല്‍ ഉയര്‍ന്നേക്കാവുന്ന ചോദ്യങ്ങളെ കെ എം മാണി എങ്ങനെ നേരിടുമെന്നതും ശ്രദ്ധയമാകും.