ഹൈക്കോടതിയുടെ 200 മീറ്റര്‍ ചുറ്റളവില്‍ സംഘം ചേരുന്നത് നിരോധിച്ചു
ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരെ എതിര്‍ കക്ഷികളാക്കി ഹൈക്കോടതി സ്വയം എടുത്ത പൊതുതാല്‍പര്യ ഹരജിയിലാണ് ഉത്തരവ്.
ഹൈക്കോടതി പരിസരത്ത് 200 മീറ്റര്‍ ചുറ്റളവില്‍ സംഘം ചേരുന്നത് ഹൈക്കോടതി നിരോധിച്ചു. ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരെ എതിര്‍ കക്ഷികളാക്കി ഹൈക്കോടതി സ്വയം എടുത്ത പൊതുതാല്‍പര്യ ഹരജിയിലാണ് ഉത്തരവ്.
ഹൈക്കോടതി പരിസരത്ത് മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുണ്ടായ സംഘര്‍ഷത്ത തുടര്‍ന്നാണ് ഹൈക്കോടതി സ്വമേധയ കേസ് എടുത്തത്. ആക്ടിംഗ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍, അനു ശിവരാജന്‍ എന്നിവര്‍ അംഗങ്ങളായ ഡിവിഷന്‍ ബഞ്ചിന്റെതാണ് ഉത്തരവ്. ജുഡീഷ്യല്‍ സ്ഥാപനം എന്ന നിലയില്‍ പൊതു ജനങ്ങളുടെ വിശാല താല്‍പര്യം പരിഗണിച്ചാണ് ഉത്തരവെന്ന് വിധിന്യായത്തില്‍ പറയുന്നു. ഉത്തരവ് നടപ്പിലാക്കാന്‍ ചീഫ് സെക്രട്ടറി, ഡിജിപി, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരെ കോടതി ചുമതലപ്പെടുത്തി.
കോടതി പരിസരത്തേക്ക് യാതൊരു വിധ കടന്നുകയറ്റവും അനുവദിക്കില്ല. കോടതി വളപ്പില്‍ പ്രവര്‍ത്തിക്കുന്ന അഡ്വക്കേറ്റ് ജനറല്‍ ഓഫീസ്, റാം മോഹന്‍ പാലസ് അടക്കമുള്ളവയ്ക്കും വിധി ബാധകമാണ്. ഉത്തരവ് സര്‍ക്കാര്‍ ചിലവില്‍ പത്രങ്ങളില്‍ പ്രസിദ്ധപ്പെടുത്തണമെന്നും കോടതി വ്യക്തമാക്കി. കോടതി പിആര്‍ഒ ഇ മെയില്‍ വഴിയാണ് വിധി പകര്‍പ്പ് വിവിധ മാധ്യമ ഓഫീസുകള്‍ക്ക് നല്‍കിയത്.