ഫോണ്‍ കെണി വിവാദം: കമ്മിഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക്; ശശീന്ദ്രനെതിരെ പരാമര്‍ശമെന്ന് സൂചന

Update: 2017-11-21 09:14 GMT
Editor : Muhsina
ഫോണ്‍ കെണി വിവാദം: കമ്മിഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക്; ശശീന്ദ്രനെതിരെ പരാമര്‍ശമെന്ന് സൂചന
Advertising

മുന്‍ മന്ത്രി എ കെ ശശീന്ദ്രനെതിരായ ഫോണ്‍ കെണി വിവാദത്തില്‍ ജു‍ഡീഷ്യല്‍ കമ്മിഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പലതവണ നോട്ടീസ് നല്‍കിയിട്ടും പരാതിക്കാര്‍ പോലും ഹാജരായില്ലെങ്കിലും..

മുന്‍ മന്ത്രി എ കെ ശശീന്ദ്രനെതിരായ ഫോണ്‍ കെണി വിവാദത്തില്‍ ജു‍ഡീഷ്യല്‍ കമ്മിഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ശശീന്ദ്രനെ കുറ്റക്കാരനായി കാണുന്നില്ലെങ്കിലും മന്ത്രിപദവിക്ക് യോജിക്കാത്ത പെരുമാറ്റമുണ്ടായെന്ന പരാമര്‍ശം റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന. റിപ്പോര്‍ട്ടിനെക്കുറിച്ച് അശുഭചിന്തകളില്ലെന്ന് എകെ ശശീന്ദ്രന്‍ പ്രതികരിച്ചു.

രാവിലെ ഒമ്പതരയോടെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് പി എസ് ആന്റണി റിപ്പോര്‍ട്ട് കൈമാറിയത്. രണ്ട് വാല്യങ്ങളിലായി 405 പേജുകളാണ് റിപ്പോര്‍ട്ടില്‍. സംഭവത്തിന്റെ നിജസ്ഥിതി, ഗൂഢാലോചനയുണ്ടോ എന്നിവയായിരുന്നു പരിഗണനാ വിഷയങ്ങള്‍. പലതവണ നോട്ടീസ് നല്‍കിയിട്ടും പരാതിക്കാര്‍ പോലും ഹാജരായില്ലെങ്കിലും അന്വേഷണം തൃപ്തികരമായി പൂര്‍ത്തിയാക്കിയെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം കമ്മിഷന്‍ പറഞ്ഞു. റിപ്പോര്‍ട്ടിലെ ഉള്ളടക്കം കമ്മിഷന്‍ പുറത്തുവിട്ടില്ലെങ്കിലും അശ്ലീല സംഭാഷണം നടത്തിയെന്ന ആരോപണത്തില്‍ മന്ത്രിയുടെ ഭാഗത്ത് വീഴ്ച പറ്റിയിട്ടുണ്ടെന്ന പരാമര്‍ശം റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന.

ദൃശ്യമാധ്യമങ്ങളുടെ പ്രവര്‍ത്തന ശൈലിയെക്കുറിച്ചും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കേണ്ടതിനെക്കുറിച്ചും റിപ്പോര്‍ട്ടില്‍ ശിപാര്‍ശകളുണ്ട്. റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതീക്ഷയോ നിരാശയോ ഇല്ലെന്ന് എ കെ ശശീന്ദ്രന്‍ പറഞ്ഞു.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News