ദലിത് വിദ്യാര്‍ഥിയെ പ്രിന്‍സിപ്പല്‍ മര്‍ദ്ദിച്ചതായി പരാതി
ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗ് ചെയ്തപ്പോള്‍ ഇടപെടുക മാത്രമാണ് ചെയ്തതെന്നാണ് പ്രിന്‍സിപ്പല്‍
വയനാട് പുല്‍പ്പള്ളി എസ്എന്‍ കോളജില്‍ ദലിത് വിദ്യാര്‍ഥിയെ പ്രിന്‍സിപ്പല്‍ മര്‍ദ്ദിച്ചതായി പരാതി. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥി കെ കെ അമലാണ് പരാതി നല്‍കിയത്. എന്നാല്‍ ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗ് ചെയ്തപ്പോള്‍ ഇടപെടുക മാത്രമാണ് ചെയ്തതെന്നാണ് പ്രിന്‍സിപ്പലിന്റെ വിശദീകരണം.
ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ജൂനിയര്‍ വിദ്യാര്‍ഥികളോട് സംസാരിച്ച് നില്‍ക്കുമ്പോള്‍ പ്രിന്‍സിപ്പല്‍ അകാരണമായി മര്‍ദ്ദിച്ചെന്നും ജാതിപ്പേര് വിളിച്ച് കളിയാക്കിയെന്നും അമല്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മര്‍ദ്ദനത്തെത്തുടര്‍ന്ന് അമല്‍ പുല്‍പ്പള്ളി സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ ചികിത്സയിലാണ്. അമലിന്റെ പരാതി വ്യക്തിവൈരാഗ്യം കാരണമാണെന്ന് പ്രിന്‍സിപ്പല്‍ ഡോ. ഹരിപ്രസാദ് പറയുന്നു. റാഗിങ് കേസില്‍ അമലിനെതിരെ കോളജ് പരാതി നല്‍കിയിട്ടുണ്ട്. പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കോളജിന് ഇന്നലെ അവധി നല്‍കി.