ആട്ടവും പാട്ടുമായി എഐഎഡിഎംകെയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം
ആട്ടവും പാട്ടുമായി എഐഎഡിഎംകെയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് തിരുവനന്തപുരത്ത് തുറന്നു
ആട്ടവും പാട്ടുമായി എഐഎഡിഎംകെയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് തിരുവനന്തപുരത്ത് തുറന്നു. തമിഴ്നാട്ടില്‍ നിന്നെത്തിയ നേതാക്കളെയും അണികളെയും കൂടി പങ്കെടുപ്പിച്ചായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍.
കേരളത്തില്‍ ചുവടുറപ്പിക്കാനാണ് എഐഎഡിഎംകെയുടെ ശ്രമം. തിരുവനന്തപുരം മണ്ഡലത്തില്‍ ബാര്‍ അസോസിയേഷന്‍ നേതാവ് ബിജു രമേശിനെ സ്ഥാനാര്‍ത്ഥിയാക്കിയതിന്‍റെ ലക്ഷ്യവും മറ്റൊന്നായിരുന്നില്ല. ഇപ്പോഴിതാ സംസ്ഥാന കമ്മിറ്റി ഓഫീസും തലസ്ഥാനത്ത് തുറന്നിരിക്കുന്നു.
ഓഫീസിനുള്ളില്‍ കയറി എവിടേക്ക് നോക്കിയാലും തമിഴ്നാട് മുഖ്യമന്ത്രിയെ കാണാം. പ്രവര്‍ത്തകര്‍ തലയില്‍ അണിഞ്ഞിരിക്കുന്ന തൊപ്പിയിലും ജയലളിതയുണ്ട്. ഭിത്തിയില്‍ നിറയെ തമിഴ്നാട്ടിലെ മക്കള്‍ക്ക് ജയലളിത നല്‍കിയ സഹായങ്ങളുടെ ചിത്രങ്ങളാണ്. അതിര്‍ത്തി കടന്നെത്തിയ നേതാക്കള്‍ ബിജു രമേശിന് വേണ്ടി വോട്ട് ചോദിക്കുന്നു.
കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ചിഹ്നമായ രണ്ടിലയാണ് എഐഎഡിഎംകെയുടെ ചിഹ്നം. ഈ സാഹചര്യത്തില്‍ തൊപ്പി അടയാളത്തില്‍ മത്സരിക്കാനാണ് ബിജു രമേശിന് താത്പര്യം. ജയലളിതയെ ബിജു രമേശ് പ്രചരണങ്ങള്‍ക്കായി തലസ്ഥാനത്ത് എത്തിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.