സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിന് തുടക്കം
തിരുവനന്തപുരം നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ചു
സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിന് ഔദ്യോഗിക തുടക്കമായി. തിരുവനന്തപുരം നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ക്ഷണം വൈകിയതില്‍ അനിഷ്ടം പ്രകടിപ്പിച്ച് പ്രതിപക്ഷം പരിപാടിയില്‍ നിന്ന് വിട്ടു നിന്നു. ഓണാഘോഷത്തിന്റെ പൊലിമ കുറക്കാന്‍ ആദ്യം ആലോചിച്ചതിന്റെ ക്ഷീണം തീര്‍ക്കാനെന്നവണ്ണം എല്ലാ പൊലിമയോടുമായിരുന്നു ഉദ്ഘാടന ചടങ്ങ്. മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ പഞ്ചാരിമേളത്തോടെ ഉദ്ഘാടനം ദിവസം തുടങ്ങി. ഗാനഗന്ധര്‍വന്‍ കെ.ജെ യേശുദാസ് ഓണപ്പാട്ട് പാടി.
ഭാവഗായകന്‍ പി.ജയചന്ദ്രന് സംസ്ഥാന സര്‍ക്കാരിന്റെ ആദരവും പരിപാടിയില്‍ നല്‍കി. ജയചന്ദ്രന്റെ നേതൃത്വത്തില്‍ മാജിക്കല്‍ മെലഡീസ് ഗാനമേളയും അരങ്ങേറി. പരിപാടിക്ക് ക്ഷണിച്ചത് വൈകിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷനേതാവും യുഡിഎഫ് ബി ജെ പി ജനപ്രതിനിധികളും വിട്ടു നിന്നു.