കാസര്‍കോട് റിട്ട.അധ്യാപികയെ വെട്ടിക്കൊന്ന കേസ്: പ്രതികളെ കണ്ടെത്താനാവാതെ പൊലീസ്
അധ്യാപികയുടെ അടുത്ത ബന്ധുക്കളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്
കാസര്‍കോട് ചീമേനിയില്‍ വിരമിച്ച അധ്യാപികയെ വെട്ടിക്കൊന്ന കേസില്‍ ഒരാഴ്ച കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താനാവാതെ പൊലീസ്. അധ്യാപികയുടെ അടുത്ത ബന്ധുക്കളെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. മകളുടെ ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് അന്വേഷണസംഘം ചോദ്യം ചെയ്തു.
കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് കാസര്‍കോട് ചീമേനി പുലിയന്നൂരുലെ റിട്ട. അധ്യാപിക പി വി ജാനകിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവും റിട്ട. അധ്യാപകനുമായ കൃഷ്ണന് കഴുത്തിന് വെട്ടേറ്റിരുന്നു. കൃഷ്ണന്റെ മൊഴിയും സിസിടിവി ദൃശ്യങ്ങളും ആധാരമാക്കിയാണ് പൊലീസ് അന്വേഷണം നടത്തുന്നത്. എന്നാല്‍ കൊല നടന്നിട്ട് ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളെ പിടികൂടാന്‍ പൊലീസിനായിട്ടില്ല. കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ ദാമോദരന്‍ ന്റെ നേതൃത്വത്തിലുള്ള 22 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
സംഭവത്തിന് പിന്നില്‍ ഇതര സംസ്ഥാന തൊഴിലാളികളാവാമെന്ന നിഗമനത്തിലായിരുന്നു ആദ്യം പൊലീസ്. പിന്നീടാണ് അടുത്ത ബന്ധുക്കളിലേക്ക് അന്വേഷണം കേന്ദ്രീകരിച്ചത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്താനും തെളിവുകള്‍ ശേഖരിക്കാനും പൊലീസിന് സാധിച്ചിട്ടില്ല. ഇതും അന്വേഷണത്തെ ബാധിക്കുന്നുണ്ട്. സമീപത്തെ വിവിധ സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല.