ഇനി ജിഷ ഭവനത്തില്‍ രാജേശ്വരിക്ക് കൂട്ട് മകളുടെ ഓര്‍മകള്‍ മാത്രം
പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ കുടുംബത്തിന് സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാനം ഇന്ന്
പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ കുടുംബത്തിന് സര്‍ക്കാര്‍ നിര്‍മിച്ചുനല്‍കിയ വീട് കൈമാറി. മുഖ്യമന്ത്രി പിണറായി വിജയനാണ് ജിഷയുടെ അമ്മ രാജേശ്വരിക്ക് വീടിന്റെ താക്കോല്‍ നല്‍കിയത്. ആദ്യ അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെ പിണറായി രൂക്ഷമായി വിമര്‍ശിച്ചു.
ജിഷയുടെ ഓര്‍മകള്‍ നിറഞ്ഞുനിന്ന വികാര നിര്‍ഭരമായ ചടങ്ങിലായിരുന്നു വീട് കൈമാറ്റം. വൈകീട്ട് മൂന്നരക്ക് എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ നാട മുറിച്ച് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. അഞ്ച് മിനിറ്റിലൊതുങ്ങിയ ലളിതമായ ചടങ്ങിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വീടിന്റെ തക്കോല്‍ കൈമാറി. ആദ്യ അന്വേഷണ സംഘത്തിനെതിരെ രൂക്ഷമായ വിമര്‍ശവും മുഖ്യമന്ത്രി ഉന്നയിച്ചു. മൃതദേഹം ദഹിപ്പിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടാല്‍ പോലും പൊലീസ് അത് തിരുത്തേണ്ടിയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
നേരത്തെ തന്നെ നിര്‍മാണം തുടങ്ങിയിരുന്ന വീട് പൂര്‍ണമായി മാറ്റിപ്പണിതാണ് നിശ്ചിത സമയത്തിനകം കൈമാറിയത്. കഴിഞ്ഞ സര്‍ക്കാരാണ് ജിഷയുടെ കുടുംബത്തിന് വീട് പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ മാറിയ ശേഷം ജില്ലാകലക്ടറുടെ നേതൃത്വത്തില്‍ നടന്ന ധനസമാഹരണമാണ് വീട് അതിവേഗം യാഥാര്‍ഥ്യമാക്കുന്നതിന് സഹായകരമായത്. 650 ചതുരശ്ര അടി വലുപ്പമുള്ള വീടിന്റെ എല്ലാ പണികളും പൂര്‍ത്തിയായി. രണ്ട് കിടപ്പു മുറികളും അടുക്കളയും ഹാളും അടങ്ങുന്ന വീടിന് ചുറ്റുമതിലുള്‍പ്പെടെ 11.50 ലക്ഷം രൂപയാണ് ചെലവ്. 44 ദിവസം കൊണ്ടാണ് പണി പൂര്‍ത്തിയായത്. ചടങ്ങില്‍ ജില്ലാ കലക്ടര്‍ രാജമാണിക്യം, ഇന്നസെന്റ് എംപി, എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ തുടങ്ങിയവരും പങ്കെടുത്തു.