ഹരിപ്പാട് മെഡിക്കല്‍ കോളജിനായി ഭൂമി വാങ്ങിയത് രജിസ്ട്രേഷന്‍ ഫീസ് നല്‍കാതെ

Update: 2018-02-19 12:55 GMT
Editor : Sithara
ഹരിപ്പാട് മെഡിക്കല്‍ കോളജിനായി ഭൂമി വാങ്ങിയത് രജിസ്ട്രേഷന്‍ ഫീസ് നല്‍കാതെ
Advertising

സര്‍ക്കാരിലേക്കുള്ള രജിസ്ട്രേഷന്‍ ഫീസ് നല്‍കാതെയാണ് ഹരിപ്പാട് മെഡിക്കല്‍ കോളജിനായി ഭൂമിവാങ്ങിയതെന്ന് രേഖകൾ.

Full View

സര്‍ക്കാരിലേക്കുള്ള രജിസ്ട്രേഷന്‍ ഫീസ് നല്‍കാതെയാണ് ഹരിപ്പാട് മെഡിക്കല്‍ കോളജിനായി ഭൂമിവാങ്ങിയതെന്ന് രേഖകള്‍. ഭൂമി ഇടപാടിന് രണ്ടാഴ്ച മുൻപ് നികുതി വകുപ്പിറക്കിയ ഉത്തരവിന്റെ മറവിൽ 12 കോടിയിലധികം രൂപയുടെ ഭൂമി ഇടപാടാണ് നടത്തിയത്. സര്‍ക്കാര്‍ ആശുപത്രിക്കായി ഭൂമി വാങ്ങുകയാണെങ്കില്‍ രജിസ്ട്രേഷന്‍ ഫീസ് നല്‍കേണ്ടെന്ന ഉത്തരവുണ്ട്. ഇതിന്റെ മറവിലാണ് 76 ശതമാനം സ്വകാര്യ പങ്കാളിത്തത്തോടെ തുടങ്ങുന്ന ഹരിപ്പാട് മെഡിക്കല്‍ കോളജിന് ഭൂമി വാങ്ങിയതിന് രജിസ്ട്രേഷന്‍ ഫീസ് ഒഴിവാക്കി നല്‍കിയത്.

2015 ഡിസംബര്‍ 1നാണ് ഹരിപ്പാട് മെഡിക്കല്‍ കോളജിനായുള്ള ഭൂമിയുടെ രജിസ്ട്രേഷന്‍ പ്രക്രിയ ആരംഭിച്ചത്. ഇതുമുന്നില്‍ കണ്ടെന്ന സംശയം ജനിപ്പിക്കും വിധം 2015 നവംബര്‍ 17നാണ് സര്‍ക്കാര്‍ പദ്ധതികള്‍ക്കായി ഭൂമി വാങ്ങുമ്പോൾ രജിസ്ട്രേഷന്‍ ഫീസ് ഒഴിവാക്കണമെന്ന് കാണിച്ച് നികുതി വകുപ്പ് ഉത്തരവിറക്കിയത്. സര്‍ക്കാര്‍ ആശുപത്രി, സ്കൂള്‍, റയില്‍വേ ദേശീയപാത എന്നിവയ്ക്കായുള്ള ഭൂമി ഇടപാടിന് മാത്രമാണ് നികുതി ഇളവ് നല്‍കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഭൂമി രജിസ്റ്റര്‍ ചെയ്യുന്നത് രാഷ്ട്രപതിയുടെയോ കേരളാ ഗവര്‍ണറുടെയോ പേരിലാകണമെന്നും ഉത്തരവില്‍ പറയുന്നു. എന്നാല്‍ 76 ശതമാനം സ്വകാര്യ പങ്കാളിത്തത്തില്‍ തുടങ്ങുന്ന ഹരിപ്പാട് മെഡിക്കല്‍ കൊളജിനായുള്ള ഭൂമി രജിസ്‌ട്രേഷനും ചട്ടവിരുദ്ധമായി ഈ ആനുകൂല്യം നല്‍കുകയായിരുന്നു.

സാധാരണ വിലയാധാരം നടക്കുമ്പോള്‍ 6 ശതമാനം തുക മുദ്രപ്പത്രമായും 2 ശതമാനം തുക രജിസ്ട്രേഷന്‍ ഫീസായും നല്‍കണമെന്നാണ് നിയമം. ഈ ഇനത്തില്‍ മാത്രം സര്‍ക്കാരിന് 24 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. മെഡിക്കല്‍ കൊളജിനായി സ്വകാര്യ വ്യക്തികളില്‍ നിന്നും വാങ്ങിയ ഭൂമിക്ക് സര്‍ക്കാര്‍ നിശ്ച്ചയിച്ച ന്യായ വിലയുടെ 400 ഇരട്ടിയിലധികം രൂപ നല്‍കിയെന്ന് തെളിയിക്കുന്ന രേഖകള്‍ കഴിഞ്ഞ ദിവസം മീഡിയവൺ പുറത്തുവിട്ടിരുന്നു. പൊതുഖജനാവിലെ പണം നഷ്ടമാക്കുന്ന പദ്ധതിയാണ് ഹരിപ്പാട് മെഡിക്കല്‍ കോളജെന്ന ആരോപണം ശരിവെക്കുന്നതാണ് ഇതു സംബന്ധിച്ച് ഓരോ ദിവസവും പുറത്തുവരുന്ന വിവരങ്ങള്‍.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News