കോടതിയിലെ മാധ്യമവിലക്ക്: ഹൈക്കോടതി ഇടപെടണമെന്ന് സുപ്രീംകോടതി
ഹൈക്കോടതിയില്‍ നിലവിലുള്ള സംഘര്‍ഷാവസ്ഥയില്‍ കോടതി ആശങ്ക രേഖപ്പെടുത്തി.
കേരളത്തിലെ മാധ്യമപ്രവര്‍ത്തകരും, അഭിഭാഷകരും തമ്മിലുള്ള തര്‍ക്കം കേരള ഹൈക്കോടതി തന്നെ ഇടപെട്ട് പരിഹരിക്കേണ്ടതാണെന്ന് സുപ്രിം കോടതി. ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ ആശങ്കയുണ്ടാക്കുന്നതാണ്. ഫലപ്രദമായ മധ്യസ്ഥ ചര്‍ച്ചകളിലൂടെ പ്രശ്നത്തിന് സ്ഥിര പരിഹാരമുണ്ടാകണമെന്നും കോടതി നിരീക്ഷിച്ചു.
കേരളത്തിലെ കോടതികളില്‍ മാധ്യപ്രവര്‍ത്തകര്‍ക്കുള്ള വിലക്ക് നീക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ ഹരജിയിലാണ് സുപ്രിം കോടതിയുടെ നിരീക്ഷണം. അഭിഷാകരും, മാധ്യമപ്രവര്‍ത്തകരും തമ്മിലാണ് പ്രശ്നം. ഇത് പരിഹിക്കേണ്ടത് ഹൈക്കോടതിയാണെന്നും, അതിനാല്‍ ഹരജിക്കാര്‍ ഹൈക്കോടതിയെ സമീപിക്കണമെന്നും ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ടിഎസ് താക്കൂര്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. എന്നാല്‍ നിലവിലെ സംഘര്‍ഷ സാഹചര്യത്തില്‍ ഹൈക്കോടതതിയെ സമീപിക്കുന്നത് പ്രായോഗികമല്ലെന്ന് ഹരജിക്കാരുടെ അഭിഭാഷകന്‍ അറിയിച്ചു.
പ്രശ്നപരിഹാരത്തിന് നേതൃത്വം നല്‍കാന്‍ സുപ്രിം കോടതി രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഹരജിയില്‍ വിശദമായി ഓക്ടോബര്‍ 21ന് വാദം കേള്‍ക്കാമെന്ന് കോടതി അറിയിക്കുകയായിരുന്നു. അതിനിടെ വിഷയത്തില്‍ കേരളത്തിലെ പത്രാധിപ സംഘം ചീഫ് ജസ്റ്റിസ് ടിഎസ് താക്കൂറുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തി. ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി വിഷയം സംസാരിക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയതായി സംഘം അറിയിച്ചു. ഇന്നലെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായും മാധ്യമ ഉടമകളും, പത്രാധിപരും അടങ്ങുന്ന സംഘം കൂടിക്കാഴ്ച നടത്തി സഹായം അഭ്യര്‍ത്ഥിച്ചിരുന്നു.