നഗരസഭകളിലെ വ്യാപാര ലൈസൻസ് പുതുക്കൽ: പിഴ കുത്തനെ കുറച്ച് സംസ്ഥാന സർക്കാർ

പൊതുജനങ്ങളും വ്യാപാരികളും വർഷങ്ങളായി ഉയർത്തുന്ന ആവശ്യത്തിനാണ് പരിഹാരം കണ്ടതെന്ന് മന്ത്രി എം.ബി രാജേഷ്

Update: 2024-11-16 13:45 GMT
Advertising

തിരുവനന്തപുരം: സംസ്ഥാനത്തെ നഗരസഭകളിൽ ലൈസൻസ് പുതുക്കലുമായി ബന്ധപ്പെട്ട് വർഷങ്ങളായി നിലനിന്ന പിഴ നിരക്കുകൾ സർക്കാർ വെട്ടിക്കുറച്ചു. പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ഇതുമായി ബന്ധപ്പെട്ട ചട്ടം ഉടൻ തന്നെ ഭേദഗതി ചെയ്യും.

പൊതുജനങ്ങളും വ്യാപാരികളും വർഷങ്ങളായി ഉയർത്തുന്ന ആവശ്യത്തിനാണ് സർക്കാർ പരിഹാരം കണ്ടിരിക്കുന്നതെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി രാജേഷ് പറഞ്ഞു. നിലനിന്ന നിരക്കുകൾ അശാസ്ത്രീയമാണെന്ന പരാതിയാണ് വ്യാപാരികളും വ്യവസായികളും സംരംഭകരും ഉയർത്തിയിരുന്നത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ദീർഘകാലമായി നിലനിൽക്കുന്ന ചട്ടങ്ങളിലും നിയമങ്ങളിലും ജനോപകാരപ്രദമായ നിലയിൽ പരിഷ്കരണം നടപ്പാക്കുമെന്ന് ആഗസ്റ്റ് 12ന് തിരുവനന്തപുരത്ത് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചിരുന്നു. അന്ന് പ്രഖ്യാപിച്ച 29 തീരുമാനങ്ങളിൽ ഭൂരിഭാഗവും ഇതിനകം തന്നെ നിലവിൽ വന്നിട്ടുണ്ട്. ആ പ്രഖ്യാപനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും, തദ്ദേശ അദാലത്തുകളിൽ പലയിടത്തായി ഉയർന്നുവന്ന പരാതികൾ പരിഹരിക്കാൻ കഴിയുന്നതുമായ ഉത്തരവാണ് പുറത്തിറങ്ങിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ജനോപകാരപ്രദമായ കൂടുതൽ നടപടികളുമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു.

നഗരസഭകളിൽനിന്നും വ്യാപാര-വാണിജ്യ-വ്യവസായ-സേവന ലൈസൻസ് പുതുക്കാൻ വൈകിയാൽ ചുമത്തുന്ന പിഴ കുത്തനെ കുറയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ലൈസൻസിന്റെ കാലാവധി അവസാനിച്ചശേഷം, പുതുക്കാൻ അപേക്ഷിച്ചാൽ പത്ത് ദിവസം വരെയുള്ള കാലതാമസത്തിന് വാർഷിക ഫീസിന്റെ 25 ശതമാനം തുകയും അതിൽ കൂടുതൽ വരുന്ന കാലയളവിലേക്ക് ഓരോ 15 ദിവസത്തേക്കും 25 ശതമാനം നിരക്കിലും അധിക ഫീസ് ഈടാക്കിക്കൊണ്ടാണ് നിലവിൽ ലൈസൻസ് പുതുക്കി നല്‍കുന്നത്.

ഇങ്ങനെ ആയതിനാൽ ചെറിയ കാലയളവിൽ തന്നെ യഥാർഥ ലൈസൻസ് ഫീസിന്റെ പത്തും ഇരുപതും ഇരട്ടിവരെ പിഴ വരുന്ന സാഹചര്യമുണ്ട്. ഇതാണ് വെട്ടിക്കുറച്ചിരിക്കുന്നത്. ലൈസൻസിന്റെ കാലാവധി അവസാനിച്ചശേഷം ഒരു വർഷം വരെ പുതുക്കലിന് അപേക്ഷിച്ചാൽ വാർഷിക ഫീസിന്റെ 20 ശതമാനം തുക മാത്രം ഈടാക്കുന്ന നിലയിലേക്കാണ് പുതിയ ഭേദഗതി. അതിൽ കൂടുതൽ വരുന്ന കാലയളവിലേക്ക് ഓരോ വർഷത്തേക്കും 25 ശതമാനം വീതവും മാത്രം അധിക ഫീസ് ഈടാക്കിക്കൊണ്ടാകും ഇനി ലൈസൻസ് പുതുക്കി നൽകുന്നത്. ഇതിനായി മുൻസിപ്പാലിറ്റി ചട്ടം 11(4)ലാണ് ഭേദഗതി വരുത്തുന്നത്. പഞ്ചായത്തുകളിലെ നിരക്കുകൾ സംബന്ധിച്ച് ഇത്തരം ആക്ഷേപങ്ങളില്ല.

ഉദാഹരണത്തിന് ആയിരം രൂപ ലൈസൻസ് ഫീയുള്ള നഗരസഭയിലെ ഒരു സ്ഥാപനത്തിന് ഒരു വർഷം ലൈസൻസ് പുതുക്കൽ വൈകിയാൽ പിഴയായി ഇനി 200 രൂപ അടച്ചാൽ മതിയാകും, ഇതുവരെ നിലവിലെ നിരക്ക് അനുസരിച്ച് പിഴ മാത്രം 6000 രൂപയിലധികം വരുമായിരുന്നു. ഇതാണ് മുപ്പതിൽ ഒന്നായി 200 രൂപയായി ചുരുങ്ങുന്നത്. ലൈസൻസ് പുതുക്കാൻ രണ്ട് വർഷം വൈകിയാൽ മുൻനിരക്ക് അനുസരിച്ച് 12000 രൂപ ഫൈൻ വരുമെങ്കിൽ ഇനി 450 രൂപ പിഴ അടച്ചാൽ മതിയാകും.

ലൈസൻസ് പുതുക്കാനുള്ള സമയപരിധി അവസാനിച്ച ശേഷം, ‍ ലൈസൻസ് കാലാവധി അവസാനിക്കുന്നതിന് മുമ്പ് ലൈസൻസ് പുതുക്കാൻ അപേക്ഷിച്ചാൽ വാർഷിക ഫീസിന്റെ 10 ശതമാനം അധികം ഈടാക്കുന്നത് തുടരും. ലൈസൻസ് കാലാവധി അവസാനിക്കുന്നതിന് 30 ദിവസം മുൻപ് പുതുക്കലിനുളള അപേക്ഷ സമർപ്പിക്കണമെന്നാണ് വ്യവസ്ഥ. വ്യാപാരി-വ്യവസായി മേഖലയിൽ നിന്നുള്ള സംഘടനകളുടെ ദീർഘകാലത്തെ ആവശ്യത്തിനാണ് സർക്കാർ പരിഹാരം കാണുന്നത്. കെ-സ്മാർട്ടിലൂടെ ലൈസൻസ് പുതുക്കാനുള്ള നടപടികളും സർക്കാർ ലഘൂകരിച്ചിട്ടുണ്ട്.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News