കൊല്ലത്ത് ക്രമസമാധാനം തകരുന്നു; ഇന്നലെ മാത്രം മൂന്ന് കൊലപാതകങ്ങള്‍
ഇരവിപുരം, കുണ്ടറ, ഓച്ചിറ സ്‌റ്റേഷന്‍ പരിധികളിലായാണ് ഇന്നലെ രാത്രി മൂന്ന് കൊലപാതകങ്ങള്‍ നടന്നത്.
കൊല്ലത്ത് ക്രമസമാധാനം തകരുന്നു. ഇന്നലെ രാത്രി മാത്രം ഉണ്ടായത് മൂന്ന് കൊലപാതകങ്ങള്‍. കുട്ടികളെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് രണ്ടാഴ്‌ച്ചയ്‌ക്കിടെ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്‌തത് 36 കേസുകളാണ്. കൊല്ലം ബലാത്സംഗ കേസിലും കരവാളൂര്‍ പ്രകൃതി വിരുദ്ധ പീഡനക്കേസിലും പ്രതികളെ കണ്ടെത്താന്‍ പൊലീസിന് ഇനിയും സാധിച്ചില്ല
ഇരവിപുരം, കുണ്ടറ, ഓച്ചിറ സ്‌റ്റേഷന്‍ പരിധികളിലായാണ് ഇന്നലെ രാത്രി മൂന്ന് കൊലപാതകങ്ങള്‍ നടന്നത്. അയത്തില്‍ സ്വദേശി മോഹനനെ പുളിയത്ത്‌മുക്കിനടുത്ത് വച്ച് തല്ലി കൊന്നതാണ് ഇരവിപുരത്ത് റിപ്പോര്‍ട്ട് ചെയ്‌ത കേസ്. കുണ്ടറയില്‍ മദ്യപസംഘങ്ങള്‍ തമ്മില്‍ തല്ലിയതില്‍ ചീരങ്കാവ് സ്വദേശി സജീവന്‍ കൊല്ലപ്പെട്ടു. സജീവനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഓച്ചിറ ചങ്ങന്‍കുളങ്ങരയില്‍ ചന്ദ്രികയെന്ന് സ്‌ത്രീയും ഇന്നലെ രാത്രി മര്‍ദ്ദനമേറ്റ് മരിച്ചു. മൂന്ന് കേസിലും പ്രതിയെന്ന സംശയിക്കുന്നവരെ പൊലീസ് പിടികൂടിയിട്ടുണ്ട്.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് 36 കേസുകള്‍ 14 ദിവസത്തിനിടെ കൊല്ലം സിറ്റിയിലും റൂറലിലുമായി റിപ്പോര്‍ട്ട് ചെയ്തു. 8 കേസുകളില്‍ ആണ്‍കുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്. കരവാളൂരില്‍ പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയായ 13 വയസുകാരന്‍ മരിച്ച സംഭവത്തില്‍ പ്രതിയെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. 10 ദിവസം കഴിഞ്ഞിട്ടും പൊലീസില്‍ ഇരുട്ടില്‍ തപ്പുകയാണ്. കൊല്ലത്ത് ബാലതാരത്തെ ബലാത്സംഗം ചെയ്‌ത കേസിലെ പ്രതികള്‍ സംസ്ഥാനം വിടുകയും ചെയ്‌തു.