കോണ്‍ഗ്രസ് പുനസംഘടനക്ക് ഉമ്മന്‍ചാണ്ടി വഴങ്ങി
സംഘടനാ തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ കേരളത്തിലെ സംഘടനാ പ്രശ്നങ്ങള്‍ സംബന്ധിച്ച് ഇരുഗ്രൂപ്പുകളുടെയും നിലപാടുകള്‍ അറിയിക്കാനാണ് സന്ദര്‍ശനം
കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി പുനസംഘടനക്ക് രാഷ്ട്രീയകാര്യ സമിതി വേണമെന്ന നിര്‍ദേശത്തിന് ഉമ്മന്‍ചാണ്ടി വഴങ്ങി. രാഷ്ട്രീയകാര്യ സമിതിയിലേക്ക് എ ഗ്രൂപ്പില്‍ നിന്ന് ഉമ്മന്‍ചാണ്ടി അഞ്ച് പേരെ നിര്‍ദേശിച്ചു. കെസി ജോസഫ്, എംഎം ഹസന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ബെന്നി ബഹ്‍നാന്‍, പിസി വിഷ്ണുനാഥ് എന്നിവരെയാണ് നിര്‍ദേശിച്ചത്. ഇതേസമയം, കേരളത്തില്‍ പാര്‍ട്ടി പുനസംഘടന വേണ്ടത്ര ഗുണം ചെയ്യില്ലെന്ന് ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ് ഉപാധ്യന്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചു.
ചര്‍ച്ചകളുടെ ഭാഗമായി കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഡല്‍ഹിയിലെത്തിയിരുന്നു. സംഘടനാ തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ കേരളത്തിലെ സംഘടനാ പ്രശ്നങ്ങള്‍ സംബന്ധിച്ച് ഇരുഗ്രൂപ്പുകളുടെയും നിലപാടുകള്‍ അറിയിച്ചു. നേതൃമാറ്റം ആവശ്യപ്പെട്ട് നീക്കങ്ങള്‍ നടത്തിയ എ, ഐ ഗ്രൂപ്പുകളുടെ പ്രധാന ആവശ്യം സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്നായിരുന്നു. പലതവണ ഡല്‍ഹിയിലെത്തി ഇക്കാര്യം അറിയിച്ചെങ്കിലും സംഘടനാ തെരഞ്ഞെടുപ്പ് പെട്ടെന്ന് പ്രഖ്യാപിക്കാന്‍ ഹൈകമാന്‍ഡ് തയാറായില്ല. എഐസിസി പ്ലീനറി സമ്മേളനം കഴിഞ്ഞ ശേഷമേ സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ കഴിയൂ. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള നിര്‍ണായക തെരഞ്ഞെടുപ്പുകള്‍ കഴിയാതെ ഇതിലേക്ക് പോകാന്‍ എഐസിസിക്ക് കഴിയില്ല. അതേസമയം പുനസംഘടനാ നടപടികള്‍ നടത്താന്‍ എഐസിസി അനുമതി നല്‍കിയിട്ടുണ്ട്. കൂടാതെ കെപിസിസി തലത്തില്‍ കൂട്ടായ ചര്‍ച്ചക്കുള്ള രാഷ്ട്രീയകാര്യ സമിതി രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ചെല്ലാമുള്ള ഗ്രൂപ്പുകളുടെ നിലപാടുകള്‍ നേതൃത്വത്തെ അറിയിക്കാനാണ് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഡല്‍ഹിയിലെത്തിയത്.