സഹകരണ മേഖലക്കായി സമരം: സുധീരനുമായി ചര്‍ച്ചക്ക് തയ്യാറെന്ന് മന്ത്രി
സഹകരണ മേഖലയെ രക്ഷിക്കാനുള്ള യോജിച്ച മുന്നേറ്റത്തിന് ആവശ്യമെങ്കില്‍ വി എം സുധീരനുമായി സംസാരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മന്ത്രി എ സി മൊയ്തീന്‍
സഹകരണ മേഖലയെ രക്ഷിക്കാനുള്ള യോജിച്ച മുന്നേറ്റത്തിന് ആവശ്യമെങ്കില്‍ വി എം സുധീരനുമായി സംസാരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മന്ത്രി എ സി മൊയ്തീന്‍. അതേസമയം സംയുക്ത പ്രക്ഷോഭമില്ലെന്ന നിലപാടില്‍ കോണ്‍ഗ്രസ് ഉറച്ചുനില്‍ക്കുകയാണ്. എന്നാല്‍ പൊതുപ്രക്ഷോഭം ആകാമെന്ന നിലപാടിലാണ് യുഡിഎഫ് ഘടക കക്ഷികള്‍. യുഡിഎഫ് നാളെ അന്തിമ തീരുമാനമെടുക്കും.
സംയുക്ത സമരത്തിനില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയതിന് പിന്നാലെയാണ് സഹകരണ മന്ത്രി എ സി മൊയ്തീന്‍ ചര്‍ച്ചക്ക് സന്നദ്ധത അറിയിച്ചത്. റിസര്‍വ് ബാങ്കും ആദായ നികുതി വകുപ്പും സഹകരണ ബാങ്കുകള്‍ക്കു മേല്‍ കുതിരകയറാന്‍ വന്നാല്‍ അനുവദിക്കില്ലെന്നും സഹകരണ മന്ത്രി പാലക്കാട്ട് പറഞ്ഞു. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയിലാണ് യുഡിഎഫ് നേതാക്കള്‍ സംയുക്ത സമരത്തെ പിന്തുണച്ചത്. പിന്നീട് കെപിസിസി പ്രസിഡന്‍റ് വി എം സുധീരന്‍ ഇതു തിരുത്തി. സഹകരണ മേഖലയില്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് സിപിഎമ്മുമായി നേര്‍ക്കുനേര്‍ നില്‍ക്കുന്ന കോണ്‍ഗ്രസിന് സംയുക്ത പ്രക്ഷോഭം ഗുണം ചെയ്യില്ലെന്നാണ് പാര്‍ട്ടിയിലെ വലിയൊരു വിഭാഗം കരുതുന്നത്. ഇത്തരം സമരം ബിജെപിക്ക് അനാവശ്യമായ പ്രാധാന്യം നല്‍കുമെന്നും അവര്‍ വാദിക്കുന്നു.
നാളെ നടക്കുന്ന യുഡിഎഫ് യോഗത്തിലും ഇതേ നിലപാടായിരിക്കും കോണ്‍ഗ്രസ് സ്വീകരിക്കുകയെന്നാണ് സൂചന. യുഡിഎഫ് നിലപാട് നാളെ നടക്കുന്ന യോഗത്തിന് ശേഷം പ്രഖ്യാപിക്കും.