അത്‍ലറ്റിക് ഫെഡറേഷനെതിരായ ചിത്രയുടെ കോടതിയലക്ഷ്യ ഹരജി തള്ളി
ഇന്ത്യന്‍ അത്‍ലറ്റിക് ഫെഡറേഷനെതിരായ പി യു ചിത്രയുടെ കോടതിയലക്ഷ്യ ഹരജി ഹൈക്കോടതി തള്ളി
പി യു ചിത്രയെ ലോക അത്ലറ്റിക് മീറ്റില്‍ പങ്കെടുപ്പിക്കാത്തതിനെതിരായ കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി തള്ളി. ഹരജി തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. അത്‌ലറ്റിക് ഫെഡറേഷന്‍റേത് തെറ്റായ തീരുമാനമായിരുന്നു. എന്നാല്‍ ദുരുദ്ദേശപരമായിരുന്നില്ലെന്നും ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.
ലണ്ടനില്‍ നടന്ന ലോക അത്ലറ്റിക് മീറ്റില്‍ പങ്കെടുപ്പിക്കണമെന്ന സിംഗിള്‍ ബഞ്ച് ഉത്തരവ് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി പി യു ചിത്ര നല്‍കിയ കോടതിയലക്ഷ്യ ഹരജിയാണ് ഹൈക്കോടതി ഡിവിഷന്‍ബഞ്ച് തള്ളിയത്. ചിത്ര കഴിവുള്ള താരമാണ്. ചിത്രയെ പങ്കെടുപ്പിക്കാത്തതിലൂടെ അത്‌ലറ്റിക് ഫെഡറേഷന്‍ വലിയൊരു താരത്തിന്‍റെ കരിയറാണ് ഇല്ലാതാക്കിയതെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ ഘട്ടത്തില്‍ കോടതിയലക്ഷ്യ ഹരജി തുടരുന്നതില്‍ അര്‍ത്ഥമില്ല. അത്‍ലറ്റിക് ഫെഡറേഷന്‍റെത് തെറ്റായ നടപടിയായിരുന്നു. എന്നാല്‍ ദുരുദ്ദേശപരമല്ലെന്നും ഗൂഢാലോചന നടന്നിട്ടില്ലെന്നും കോടതി വ്യക്തമാക്കി.
ചിത്രയെ മീറ്റില്‍ പങ്കെടുപ്പിക്കാന്‍ കേന്ദ്ര സർക്കാറും അത്ലറ്റിക് ഫെഡറേഷനും നടപടികൾ സ്വീകരിക്കണമെന്നായിരുന്നു സിംഗിള്‍ ബഞ്ചിന്‍റെ ഉത്തരവ്. ലോക അത്ലറ്റിക്സ് മീറ്റിൽ പങ്കെടുക്കാനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താത്തതിനെതിരെ 1500 മീറ്ററിലെ ഏഷ്യൻ ചാമ്പ്യനായ ചിത്ര നൽകിയ ഹരജിയിലായിരുന്നു കോടതി ഉത്തരവ്. എന്നാല്‍ സിംഗിള്‍ ബഞ്ചിന്‍റെ ഈ ഉത്തരവ് അതില്റ്റിക് ഫെഡേറേഷന്‍ പരിഗണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചിത്ര ഡിവിഷന്‍ബഞ്ചില്‍ കോടതിയലക്ഷ്യ ഹരജി നല്‍കിയത്.