അധിക സാമ്പത്തിക സഹായത്തിനായുള്ള കെഎസ്ആര്‍ടിസിയുടെ അപേക്ഷ നിരസിച്ചു
പെന്‍ഷന്‍ നല്‍കാന്‍ അധിക സാമ്പത്തികസഹായം അനുവദിക്കണമെന്ന കെഎസ്ആര്‍ടിസിയുടെ അപേക്ഷ സര്‍ക്കാര്‍ നിരസിച്ചു
പെന്‍ഷന്‍ നല്‍കാന്‍ അധിക സാമ്പത്തികസഹായം അനുവദിക്കണമെന്ന കെഎസ്ആര്‍ടിസിയുടെ അപേക്ഷ സര്‍ക്കാര്‍ നിരസിച്ചു. കെഎസ്ആര്‍ടിസിയുടെ നഷ്ടത്തിനു മുഖ്യകാരണം നിയന്ത്രണമില്ലാതെ സൗജന്യപാസ് അനുവദിക്കുന്നതാണെന്നും ഗതാഗത സെക്രട്ടറിയുടെ കത്തില്‍ പറയുന്നു. പ്രതിസന്ധി രൂക്ഷമായതോടെ കെഎസ്ആര്‍ടിസിയില്‍ ഈ മാസത്തെ പെന്‍ഷന്‍ വിതരണം മുടങ്ങി.
പദ്ധതിവിഹിതത്തിന് പുറമേ അധികതുക അനുവദിക്കാനാവില്ലെന്നാണ് ഗതാഗത സെക്രട്ടറി കെഎസ്ആര്‍ടിസി എംഡിയെ രേഖാമൂലം അറിയിച്ചത്. പ്രവര്‍ത്തന മൂലധനത്തിനായി എപ്പോഴും സര്‍ക്കാറിനെ ആശ്രയിക്കുന്നത് അംഗീകരിക്കാനാവില്ല.
പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാറും കോര്‍പറേഷനും ചേര്‍ന്ന് കോര്‍പസ് ഫണ്ടുണ്ടാക്കണമെന്ന തീരുമാനം അടിയന്തരമായി നടപ്പാക്കണം. സൌജന്യപാസ് അനുവദിക്കുന്നത് നിയന്ത്രിക്കണമെന്ന നിര്‍ദേശം നടപ്പിലായില്ല. നഷ്ടത്തിന്റെ മുഖ്യകാരണം ഇതാണ്.
പ്രവര്‍ത്തന മൂലധനത്തിനായി കെടിഡിഎഫ്സിയില്‍ നിന്ന് വീണ്ടും വായ്പയെടുത്തതിനെയും കെഎസ്ആര്‍ടിസി എംഡിക്കയച്ച കത്തില്‍ വിമര്‍ശിക്കുന്നു. എല്ലാ മാസവും 15ന് വിതരണം ചെയ്യുമെന്ന് അറിയിച്ചിരുന്ന പെന്‍ഷന്‍ ഇക്കുറി 17നും നല്‍കിയിട്ടില്ല. സര്‍ക്കാര്‍ സഹായം ലഭിക്കാത്തതാണ് കാരണം. യഥാസമയം പെന്‍ഷന്‍ നല്‍കാന്‍ കെഎസ്ആര്‍ടിസിക്ക് എല്ലാ മാസവും സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്നായിരുന്നു മന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞിരുന്നത്.
പ്രഖ്യാപനം വന്ന് തൊട്ടടുത്ത മാസത്തില്‍ തന്നെ പെന്‍ഷനും മുടങ്ങി. നേരത്തെ 40 കോടി രൂപയാണ് പെന്‍ഷന്‍ വിതരണത്തിന് മാസംതോറും ചെലവഴിച്ചിരുന്നത്. ഇതില്‍ 20 കോടി രൂപ സര്‍ക്കാര്‍ വഹിച്ചിരുന്നു. ഡിഎ വര്‍ധിപ്പിച്ചതോടെ പെന്‍ഷന്‍ ചെലവ് 52.5 കോടി രൂപയായി വര്‍ധിച്ചെങ്കിലും സര്‍ക്കാര്‍ വിഹിതം വര്‍ധിപ്പിച്ചിട്ടില്ല.