തല്‍സ്ഥാനത്ത് തുടരണോ?: ചീഫ് സെക്രട്ടറിക്ക് വ്യവസായ വകുപ്പ് സെക്രട്ടറി പോള്‍ ആന്റണിയുടെ കത്ത്
ബന്ധു നിയമനക്കേസില്‍ മൂന്നാം പ്രതിയാണ് പോള്‍ ആന്റണി.
വ്യവസായ സെക്രട്ടറി സ്ഥാനത്ത് തുടരണമോ വേണ്ടയോ എന്ന കാര്യത്തില്‍ നിലപാട് അറിയിക്കണമെന്ന് ആവശ്യപ്പെട്ട് അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി. ബന്ധുനിയമനക്കേസില്‍ പോള്‍ ആന്റണിയെ വിജിലന്‍സ് പ്രതിചേര്‍ത്ത സാഹചര്യത്തിലാണ് കത്ത്. പോള്‍ ആന്റണിയുടെ കത്ത് ചീഫ് സെക്രട്ടറി വ്യവസായവകുപ്പ് മന്ത്രിക്ക് കൈമാറി. എന്നാല്‍ കത്തിനെക്കുറിച്ച് അറിയില്ലെന്ന് മന്ത്രി എ സി മൊയ്ദീന്‍ പ്രതികരിച്ചു.
മുന്‍മന്ത്രി ഇപി ജയരാജന്‍ ഉള്‍പ്പെട്ട ബന്ധുനിയമന വിവാദത്തില്‍ പ്രതിചേര്‍ക്കപ്പെട്ട പശ്ചാത്തലത്തിലാണ് വ്യവസായവകുപ്പ് സെക്രട്ടറി പോള്‍ ആന്റണി സര്‍ക്കാരിന്റെ അഭിപ്രായം ആരാഞ്ഞ് കത്ത് നല്‍കിയിരിക്കുന്നത്. ബന്ധുനിയമന വിവാദത്തില്‍ മൂന്നാം പ്രതിയാണ് പോള്‍ ആന്റണി. തനിക്കെതിരെ എഫ്‌ഐആര്‍ ഇട്ടത് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് പോള്‍ ആന്റണി കത്തില്‍ ചൂണ്ടിക്കാട്ടി.
എഫ് ഐ ആറിന്റെ പകര്‍പ്പ് തനിക്ക് ലഭിച്ചിട്ടില്ല. പ്രതിചേര്‍ക്കപ്പെട്ട സാഹചര്യത്തില്‍ വ്യവസായ സെക്രട്ടറി സ്ഥാനത്ത് തുടരണമോ എന്ന് വ്യക്തമാക്കണം. ഉചിതമായ എന്ത് നടപടിയും നിര്‍ദേശിക്കാമെന്നും പോള്‍ ആന്റണിയുടെ കത്തിലുണ്ട്. കത്ത് ചീഫ് സെക്രട്ടറി വ്യവസായ വകുപ്പ് മന്ത്രിക്ക് കൈമാറി. എന്നാല്‍ കത്തിനെക്കുറിച്ച് അറിയില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
പോള്‍ ആന്റണിയെ വിജിലന്‍സ് ബോധപൂര്‍വ്വം കേസില്‍ പ്രതിയാക്കിയെന്ന് ആരോപിച്ച് ഐഎഎസ് ഉദ്യോഗസ്ഥര്‍ നേരത്തെ കൂട്ട അവധിക്ക് ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ കര്‍ക്കശ നിലപാട് ഉദ്യോഗസ്ഥരുടെ നീക്കത്തിന് തിരിച്ചടിയായി. ഇതിനുപിന്നാലെയാണ് പോള്‍ ആന്റണിയുടെ കത്ത്.