ചെങ്കടല്‍ ഇളകിയപ്പോഴും മറിയാതെ മലപ്പുറം

Update: 2018-04-14 22:24 GMT
Editor : admin
ചെങ്കടല്‍ ഇളകിയപ്പോഴും മറിയാതെ മലപ്പുറം
Advertising

14 നിന്ന് 12 ആയി സീറ്റ്നില കുറഞ്ഞെങ്കിലും സംസ്ഥാനത്ത് യുഡിഎഫിന് മാന്യമായ രണ്ടാം സ്ഥാനം ലഭിച്ചത് മലപ്പുറത്തെ വിജയത്തിലൂടെയാണ്.

ശക്തമായ ഇടതുതരംഗത്തിലും യുഡിഎഫിനൊപ്പം നിന്ന് മലപ്പുറം ജില്ല. 14 നിന്ന് 12 ആയി സീറ്റ്നില കുറഞ്ഞെങ്കിലും സംസ്ഥാനത്ത് യുഡിഎഫിന് മാന്യമായ രണ്ടാം സ്ഥാനം ലഭിച്ചത് മലപ്പുറത്തെ വിജയത്തിലൂടെയാണ്. യുഡിഎഫിന്റെ മിക്ക സിറ്റിങ് സീറ്റുകളിലും ഭൂരിപക്ഷത്തില്‍ വലിയ കുറവുണ്ടായപ്പോള്‍ ഇടതുമുന്നണി സിറ്റിങ് സീറ്റുകളില്‍ നില മെച്ചപ്പെടുത്തി.

മലപ്പുറം ജില്ലയിലെ പതിനാറ് മണ്ഡലങ്ങളില്‍ നാലിടത്ത് കോണ്‍ഗ്രസും പന്ത്രണ്ടിടത്ത് മുസ്ലിം ലീഗുമാണ് മത്സരിച്ചത്. യുഡിഎഫ് വിജയിച്ച പന്ത്രണ്ട് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് ജയിക്കാനായത് വണ്ടൂരില്‍ മാത്രം. ഇവിടെ 23864 വോട്ടിന് എപി അനില്‍കുമാർ വിജയിച്ചുവെങ്കിലും ഭൂരിപക്ഷം കഴിഞ്ഞ തവണത്തേക്കാള്‍ 5052 വോട്ട് കുറഞ്ഞു. വേങ്ങരയില്‍ പികെ കുഞ്ഞാലിക്കുട്ടി 38057 വോട്ടിനാണ് വിജയിച്ചത്. കടുത്ത മത്സരം നടന്ന പെരിന്തല്‍മണ്ണയില്‍ 579 വോട്ടിന് മഞ്ഞളാംകുഴി അലി സിപിഎമ്മിന്റെ വി ശശികുമാറിനെ പരിജയപ്പെടുത്തി. 9738 വോട്ടായിരുന്നു കഴിഞ്ഞ തവണ അലിയുടെ ഭൂരിപക്ഷം. പികെ അബ്ദുറബ്ബും ഇടതുസ്വതന്ത്രൻ നിയാസ് പുളിക്കലകത്തും തമ്മില്‍ ശക്തമായ മത്സരം നടന്ന തിരൂരങ്ങാടിയില്‍ 6043 വോട്ടിന് ജയം അബ്ദുറബ്ബിനൊപ്പം നിന്നെങ്കിലും ഭൂരിപക്ഷത്തില്‍ ഇരുപത്തിനാലായിരം വോട്ടിന്റെ കുറവുണ്ടായി. മലപ്പുറം മണ്ഡലത്തില്‍ പി ഉബൈദുല്ല വിജയം ആവ‍ര്‍ത്തിച്ചു. 2011 ല്‍ 44322 വോട്ടിന്റെ റെക്കോ‍ഡ് ഭൂരിപക്ഷം നേടിയ ഉബൈദുല്ലയുടെ ഭൂരിപക്ഷം ഇത്തവണ 35672 ലേക്ക് താഴ്ന്നു.

കൊണ്ടോട്ടിയില്‍ ടിവി ഇബ്രാഹിം, മഞ്ചേരിയില്‍ അഡ്വ. എം ഉമ്മർ, വള്ളിക്കുന്നില് പി അബ്ദുല്‍ ഹമീദ്, കോട്ടക്കലില്‍ ആബിദ് ഹുസൈൻ തങ്ങള്‍ എന്നിവരും വിജയിച്ചു. ഈ മണ്ഡലങ്ങളിലെല്ലാം കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഭൂരിപക്ഷത്തില്‍ വലിയ കുറവുണ്ടായി. മങ്കടയില്‍ കടുത്ത മത്സരത്തിനൊടുവില്‍ ടിഎ അഹമ്മദ് കബീർ മണ്ഡലത്തില്‍ മുന്നിട്ടുനില്ക്കുന്നത് 1508 വോട്ടുകള്‍ക്കാണ്. 23527 ആയിരുന്നു അഹമ്മദ് കബീറിന്റെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം. പികെ ബഷീര്‍ വിജയിച്ച ഏറനാട് മണ്ഡലത്തില്‍ മാത്രമാണ് മുസ്ലീം ലീഗ് ഭൂരിപക്ഷം മെച്ചപ്പെടുത്തിയത്. മറുപക്ഷത്ത് ഏഴ് സ്വതന്ത്ര സ്ഥാനാർഥികളെയടക്കം രംഗത്തിറക്കിയ ഇടതുമുന്നണി രണ്ട് മണ്ഡലങ്ങള്‍ പിടിച്ചെടുത്തപ്പോള്‍ രണ്ട് സിറ്റിങ് സീറ്റില് നില മെച്ചപ്പെടുത്തി.

പൊന്നാനിയില്‍ കോണ്‍ഗ്രസിന്റെ പിടി അജയമോഹനെ 15640 വോട്ടിനാണ് പി ശ്രീരാമകൃഷ്ണൻ പരാജയപ്പെടുത്തിയത്. കഴിഞ്ഞ തവണ 4101 ആയിരുന്നു ശ്രീരാമകൃഷ്ണന്റെ ഭൂരിപക്ഷം. കെടി ജലീല്‍ വീണ്ടും വിജയിച്ച തവനൂരില്‍ ഭൂരിപക്ഷം 6783 ല്‍ നിന്നും 17064 ലേക്ക് ഉയർന്നു. വാശിയേറിയ മത്സരത്തിന് സാക്ഷ്യം വഹിച്ച താനൂരില്‍ മുസ്ലിം ലീഗിന്റെ അബ്ദുറഹ്മാൻ രണ്ടത്താണിയെ ഇടതുസ്വതന്ത്രന്‍ വി അബ്ദുറഹ്മാന്‍ 4918 വോട്ടിനാണ് പരാജയപ്പെടുത്തിയത്. പതിനൊന്നായിരത്തിലധികം വോട്ടിന് ആര്യാടൻ ഷൌക്കത്തിനെ മുട്ടുകുത്തിച്ച പിവി അന്‍വർ നിലമ്പൂരിലെ കോണ്‍ഗ്രസിന്റെ കുത്തകക്കാണ് അവസാനമിട്ടത്. വള്ളിക്കുന്ന് മണ്ഡലത്തില്‍ നേടിയ 22887 വോട്ടാണ് ജില്ലയിലെ എന്‍ഡിഎയുടെ മികച്ച പ്രകടനം. എട്ടിടത്ത് മാത്രമാണ് മുന്നണി അഞ്ചക്കം കണ്ടത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News