ഇരുമ്പനം ഐ ഒ സി പ്ലാന്റില്‍ ടാങ്കര്‍ ലോറി അനിശ്ചിതകാല സമരം
സമരം നീണ്ടാല്‍ തെക്കന്‍ ജില്ലകളില്‍ പാചക വാതക പ്രതിസന്ധി
കേരളത്തിന്റെ തെക്കന്‍ ജില്ലകളിലെ പാചക വാതക വിതരണത്തിന് ഗുരുതര പ്രതിസന്ധിയുണ്ടാക്കി ഇന്ന് മുതല്‍ ഇരുമ്പനം ഐ ഒ സി പ്ലാന്റില്‍ ടാങ്കര്‍ ലോറി അനിശ്ചിതകാല സമരം. ടാങ്കര്‍ ലോറി ഉടമകള്‍, തൊഴിലാളികള്‍, വിതരണക്കാര്‍ എന്നിവരുടെ കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. പുതുക്കിയ കാരാര്‍ പ്രകാരം നേരത്തെ കിട്ടുന്ന വാടകപോലും ടാങ്കര്‍ ലോറിക്ക് കമ്പനി നല്‍കുന്നില്ലെന്നതാണ് പ്രധാന ആരോപണം.
ടാങ്കര്‍ ലോറികള്‍ക്ക് നല്‍കുന്ന വേതനം സംബന്ധിച്ച് ഉണ്ടാക്കിയ കരാറിനെതിരെ എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയും കമ്പനിയും എറണാകുളം കളക്ടറുടെ സാന്നിധ്യത്തില്‍ 3 തവണ ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് അനിശ്ചിത കാല സമരത്തിലേക്ക് നീങ്ങുന്നതെന്ന് നേതാക്കള്‍ പറയുന്നു. നിലവിലെ കാരാര്‍ പ്രകാരം കഴിഞ്ഞ വര്‍ഷങ്ങളേക്കാള്‍ 25 ശതമാനം വരെ വാടകയില്‍ കമ്പനി കുറവ് വരുത്തി. ടാങ്കര്‍ ലോറികളുടെ എണ്ണവും വെട്ടിക്കുറച്ചു. ഒപ്പം ടാങ്കറില്‍ എത്ര അളവ് ഇന്ധനമുണ്ടെന്ന് അറിയാനുള്ള സംവിധാനം ഓവര്‍ സ്പീഡ് സെന്‍സറിന്റെ ചിലവ് മൂന്നര ലക്ഷം രൂപ ഉടമകള്‍ വഹിക്കണം. ഇത്തരത്തിലുള്ള കമ്പനിയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് കോര്‍ഡിനേഷന്‍ കമ്മിറ്റി വ്യക്തമാക്കി. നിലവില്‍ കമ്പനിക്ക് വേണ്ടി ഓടുന്ന 618 ടാങ്കര്‍ ലോറികള്‍ സമരത്തിലാകുന്നതോടെ ഇന്ധന നീക്കം ഗുരുതര പ്രതിസന്ധിയിലാകും. മറ്റ് കമ്പനികളും ഇത്തരത്തിലാണ് പെറുമാറുന്നതെങ്കില്‍ സമരം വ്യാപിപ്പിക്കുമെന്ന് തേതാക്കള്‍ പറയുന്നു.