പനിപ്പേടിയില്‍ കേരളം
ഡെങ്കിപ്പനി, പകര്‍ച്ചപ്പനി, എച്ച് വണ്‍ എന്‍ വണ്‍, ചെള്ള്പനി, എലിപ്പനി തുടങ്ങി വിവിധ പനികള്‍ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് സംസ്ഥാനം
കേരളമിപ്പോള്‍ വരള്‍ച്ചക്കൊപ്പം പകര്‍ച്ചവ്യാധി ഭീഷണിയിലാണ്. എച്ച് വണ്‍ എന്‍ വണ്‍, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങളുടെ പിടിയിലാണ് നഗരങ്ങളും ഗ്രാമങ്ങളും. നാല് മാസത്തിനിടെ എഴുപത്തിയഞ്ച് പേര്‍ മരിച്ചു. ആറര ലക്ഷം പേര്‍ പനി ബാധിച്ച് ചികിത്സ തേടി.
രോഗം ലക്ഷണമെന്നതില്‍ നിന്ന് മാറി പനി മരണകാരണമാകുമെന്ന അവസ്ഥയാണിപ്പോള്‍. ഡെങ്കിപ്പനി, പകര്‍ച്ചപ്പനി, എച്ച് വണ്‍ എന്‍ വണ്‍, ചെള്ള്പനി, എലിപ്പനി തുടങ്ങി വിവിധ പനികള്‍ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് സംസ്ഥാനം. നാല് മാസത്തെ കണക്ക് പരിശോധിച്ചാല്‍ 6,63,032 പേര്‍ പനിയെ തുടര്‍ന്ന് ചികിത്സ തേടി. ഇന്നലെ വരെയുള്ള കണക്ക് നോക്കിയാല്‍ പകര്‍ച്ചവ്യാധികള്‍ പിടിപെട്ട് 75 പേര്‍ മരിച്ചു. തിരുവനന്തപുരം നഗരത്തിലാണ് ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനിയുള്ളത്. ഈ മാസം 340 പേര്‍ക്കാണ് ഡെങ്കിപ്പനി പിടിപെട്ടത്.
സംസ്ഥാനത്തൊട്ടാകെ 1800 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 304 പേര്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ചു. 20 മരണവും. ഡയേറിയ ബാധിച്ച് 1,18,070 പേര്‍ ആശുപത്രികളിലെത്തി. ചിക്കന്‍പോക്‌സും കൂടുതലാണ് 14,294 പേര്‍ക്ക് ചിക്കന്‍പോക്‌സ് പിടിപെട്ടു. നാല് മരണവും. എലിപ്പനി, മഞ്ഞപ്പിത്തവും ബാധിച്ച് ഈ വര്‍ഷവും മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡിഫ്ത്തീരിയ ബാധിച്ച് കഴിഞ്ഞദിവസം ഒരാള്‍ മരിച്ചു. ടൈഫോയിഡ്, മുണ്ടിവീക്കം എന്നിവയും വ്യാപകമാണ്.