ചക്കിട്ടപ്പാറയില്‍ ഖനനം തുടങ്ങാന്‍ സ്വകാര്യ കമ്പനി
ഖനനത്തിന് അനുമതി തേടി മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും ആയി കമ്പനി മേധാവികള്‍ കൂടിക്കാഴ്ച നടത്തി.
ചക്കിട്ടപാറയില്‍ ഇരുമ്പയിര് ഖനനം ആരംഭിക്കാന്‍ സ്വകാര്യ കമ്പനി നീക്കം ശക്തമാക്കി. ഖനനത്തിന് അനുമതി തേടി മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും ആയി കമ്പനി മേധാവികള്‍ കൂടിക്കാഴ്ച നടത്തി. സര്‍ക്കാരില്‍ നിന്ന് അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്പനി ഡയറക്ടര്‍ എം വെങ്കടയ്യ പറഞ്ഞു.
കഴിഞ്ഞ ജൂലൈ 28 ന് മുഖ്യമന്ത്രി വകുപ്പുമന്ത്രിമാര്‍ എന്നിവരുമായി സംസാരിച്ചിരുന്നു. എന്നാല്‍ ഇതിന്റെ വിശദാശങ്ങളെക്കുറിച്ച് കമ്പനി അധികൃര്‍ പറഞ്ഞില്ല. സംസ്ഥാന വ്യവസായ വകുപ്പ് ഖനനത്തിന് അനുകൂലമാണെന്നാണ് സൂചന. സംസ്ഥാന സര്‍ക്കാരുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്നും കമ്പനി അധികൃതര്‍ പറയുന്നു. കേന്ദ്ര മൈനിങ് ഏന്‍ഡ് ജിയോളജി വകുപ്പ് ഖനനത്തിന് അനുകൂല തീരുമാനമെടുത്തിട്ടുണ്ട്. എന്നാല്‍ സംസ്ഥാനം തീരുമാനം എടുക്കാത്തതാണ് കേന്ദ്ര പരിസ്ഥിതി ക്ലിയറന്‍സ് വൈകാന്‍ കാരണം. ഹൈക്കോടതി നിര്‍ദ്ദേശം തങ്ങള്‍ക്ക് അനുകൂലമാണെന്നും കമ്പനി അധികൃതര്‍ പറയുന്നു. കേന്ദ്ര മൈനിങ് ട്രിബ്യൂണലിനെ സമീപിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. ഇരുമ്പയിര് ഖനനം നടത്താനുള്ള അപേക്ഷ ചക്കിട്ടപാറ പഞ്ചായത്ത് തള്ളിയിരുന്നു. പരിസ്ഥിതിക്ക് വലിയ ദോഷമുണ്ടാക്കും എന്നാണ് വിലയിരുത്തല്‍. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ഖനനത്തിനുള്ള നീക്കം തുടങ്ങിയത്.