കാരാട്ടുപുഴ കൈയേറ്റം സിപിഎമ്മിനെതിരെ കോണ്‍ഗ്രസ് പ്രചരണ വിഷയമാക്കുന്നു
സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള ദൃശ്യ ക്‌ളബ് പ്രവര്‍ത്തകരാണ് പുഴ കൈയേറിയെതന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആരോപണം.
കോഴിക്കോട് വടകരയിലെ കാരാട്ടുപുഴ കൈയേറ്റം സിപിഎമ്മിനെതിരെ കോണ്‍ഗ്രസ് പ്രചരണ വിഷയമാക്കുന്നു. ഫുട്‌ബോള്‍ ക്‌ളബിന്റെ മറവില്‍ പുഴ കൈയേറി ക്രമേണ അവിടെ പാര്‍ട്ടിയുടെ കീഴില്‍ സ്ഥാപനങ്ങള്‍ ആംരഭിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് കോണ്‍ഗ്രസ് ജില്ല നേതൃത്വം ആരോപിച്ചു. സംസ്ഥാന നേതാക്കളെ കൈയേറ്റ പ്രദേശത്ത് സന്ദര്‍ശനത്തിനെത്തിച്ച് വിഷയം സജീവമാക്കി നിര്‍ത്താനാണ് കോണ്‍ഗ്രസ് ജില്ല നേതൃത്വത്തിന്റെ തീരുമാനം.
സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള ദൃശ്യ ക്‌ളബ് പ്രവര്‍ത്തകരാണ് പുഴ കൈയേറിയെതന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആരോപണം. കുട്ടികള്‍ക്കുള്ള കളിസ്ഥലത്തിനെന്ന പേരില്‍ പുഴ മണ്ണിട്ട് നികത്തി പാര്‍ട്ടിയുടെ കീഴില്‍ സ്ഥാപനങ്ങള്‍ ആരംഭിക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. പുഴ കൈയേറ്റത്തിനെതിരെ ജനകീയ പ്രതിഷേധത്തിനൊപ്പം നിയമ പോരാട്ടവും ആരംഭിച്ചതായി ഡിസിസി പ്രസിഡണ്ട് ടി സിദ്ദിഖ് പറഞ്ഞു.
കോണ്‍ഗ്രസിന്റെ വടകര ബ്‌ളോക്ക് കമ്മിറ്റി കൈയേറ്റ ഭൂമിയിലേക്ക് നടത്തിയ മാര്‍ച്ച് വിടി ബല്‍റാം എംഎല്‍എ ഉദ്ഘാടനം ചെയ്തു. വടകരയിലെ കൈയേറ്റം ഗുരുതര വിഷയമാണെന്നും വിഷയം കെപിസിസി നേതൃത്വം ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൈയേറ്റ വിഷയം പാര്‍ട്ടിയുമായി ബന്ധപ്പെടുന്നതല്ലെന്നും അതിനാല്‍ പ്രതികരിക്കാനില്ലെന്നാമായിരുന്നു സി പി എം പ്രാദേശിക നേതാക്കളുടെ പ്രതികരണം. കളിസ്ഥലം കൈയേറ്റ ഭൂമിയല്ലെന്നും ക്‌ളബിനെതിരായ ആരോപണം രാഷ്ട്രീയ പ്രേരിതമാമെന്നും ക്‌ളബ് ഭാരവാഹികള്‍ പറഞ്ഞു. കൈയേറ്റത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ബോര്‍ഡുകളാണ് പ്രദേശത്ത് ഇതിനോടകം ഉയര്‍ന്നിട്ടുള്ളത്.