എംജി യൂണിവേഴ്സിറ്റി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്
പെന്‍ഷനും ശമ്പളവും അടക്കമുളള കാര്യങ്ങള്‍ മുടങ്ങിയേക്കുമെന്നാണ് അധ്യാപക സംഘടനകള്‍ പറയുന്നത്
എംജി യൂണിവേഴ്സിറ്റി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്. സര്‍വ്വകലാശാലയുടെ കീഴിലുണ്ടായിരുന്ന 100 കോടി രൂപ പുതിയതായി രൂപീകരിച്ച സൊസൈറ്റിയുടെ കീഴിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. പെന്‍ഷനും ശമ്പളവും അടക്കമുളള കാര്യങ്ങള്‍ മുടങ്ങിയേക്കുമെന്നാണ് അധ്യാപക സംഘടനകള്‍ പറയുന്നത്. സര്‍ക്കാര്‍ ഉത്തരവിന്‍റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.
കഴിഞ്ഞ 14ആം തിയതി ഉന്നത വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് വേണ്ടി അണ്ടര്‍ സെക്രട്ടറി ഇറക്കിയ സര്‍ക്കാര്‍ ഉത്തരവിലാണ് എംജി സര്‍വ്വകലാശാലയുടെ 100 കോടി രൂപ പുതിയ സൊസൈറ്റിയുടെ അക്കൌണ്ടിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എസ്എംഇ അടക്കമുള്ള സെല്‍ഫിനാന്‍സിങ് സ്ഥാപനങ്ങളില്‍ നിന്നും ശേഖരിച്ച 100 കോടിരൂപയാണ് ഇത്. നേരത്തെ സര്‍വ്വകലാശാലയുടെ 50 കോടി രൂപ സൊസൈറ്റിയിലേക്ക് മാറ്റാനുള്ള സിന്‍ഡിക്കേറ്റ് തീരുമാനം വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. ശമ്പളം, പെന്‍ഷന്‍ തുടങ്ങിയ സര്‍വ്വകലാശാലയുടെ സാമ്പത്തിക ബാധ്യതകള്‍ പരിഹരിക്കാന്‍ തന്നെ പണം തികയാതെ വരുന്ന സാഹചര്യത്തിലാണ് ഈ നീക്കം എന്നതും ശ്രദ്ധേയമാണ്. 2016-17 നോണ്‍ പ്ലാന്‍ ഫണ്ടില്‍ 117 കോടി രൂപയാണ് സര്‍വ്വകലാശാലയ്ക്ക് ലഭിച്ചത്. എന്നാല്‍ ചിലവായത് 170 കോടി രൂപയോളം രൂപയാണ്. ഇതിന് പുറമേ നേരത്തെ സര്‍ക്കാര്‍ നല്‍കിവന്നിരുന്ന 32 ശതമാനം പ്ലാന്‍ ഫണ്ട് വര്‍ദ്ധന ഇപ്പോള്‍ 15 ശതമാനമായും വെട്ടിക്കുറച്ചിട്ടുണ്ട്.
സെല്‍ഫിനാന്‍സിംഗ് സ്ഥാപനങ്ങള്‍ സൈസൈറ്റിക്ക് കീഴിലേക്ക് മാറ്റിയതും സാമ്പത്തികമായി മുന്നില്‍ നിന്നിരുന്ന പല കോളജുകള്‍ക്കും ഓട്ടോണമസ് പദവി നല്‍കിയതും കാര്‍ഷിക സര്‍വ്വകലാശാല, സാങ്കേതിക സര്‍വ്വകലാശാല എന്നിവയുടെ കടന്ന് വരവും എംജിയുടെ നിലനില്‍പ്പിനെ തന്നെ ബാധിച്ചിട്ടുണ്ട്.
ആര്‍ട്ട് ആന്‍ര് സയന്‍സ് കോഴ്സുകള്‍ മാത്രം നടത്തി 1500ഓളം വരുന്ന ജീവനക്കാരുടെ ശമ്പളവും മറ്റ് പെന്‍ഷന്‍ ആനുകൂല്യങ്ങളും അടക്കം നല്‍കാന്‍ സാധിക്കില്ലെന്നാണ് ഉയരുന്ന ആക്ഷേപം.