സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല; ദളിത് വിദ്യാര്‍ഥികളുടെ പഠനം വഴിമുട്ടി
സംസ്ഥാനത്തെ സ്വാശ്രയ ബിഎഡ്, എം എഡ്, ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിലെ പട്ടികജാതി-പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ പഠനമാണ് പ്രതിസന്ധിയിലായത്‍.
വാര്‍ഷിക ഫീസ് അടക്കാന്‍ മാനേജ്മെന്‍റുകള്‍ ആവശ്യപ്പെട്ടതോടെ സംസ്ഥാനത്തെ സ്വാശ്രയ ബി എഡ്, എം എഡ് കോളേജുകളിലെ പട്ടിക ജാതി-പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികളുടെ പഠനം നിലക്കുന്നു. വിദ്യാര്‍ഥികള്‍ക്കുള്ള ആനുകൂല്യം സര്‍ക്കാര്‍ നല്‍കാത്തതിനെ തുടര്‍ന്നാണ് മാനേജ്മെന്റുകള്‍ ഫീസ് ആവശ്യപ്പെട്ടത്. സ്വാശ്രയ മേഖലയിലെ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ പഠിക്കുന്ന പട്ടിക ജാതി പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികളുടെ പഠനവും പ്രതിസന്ധിയിലാണ്.
സ്വാശ്രയ ബി എഡ്, എം എഡ് കോളജുകളില്‍ മെറിറ്റ് അടിസ്ഥാനത്തില്‍ സീറ്റ് നേടുന്ന പട്ടിക ജാതി പട്ടിക വര്‍ഗ വിദ്യാര്‍ഥികളുടെ ഫീസ് സര്‍ക്കാരാണ് കോളേജുകള്‍ക്ക് നല്‍കുന്നത്. ബി എഡിന് ഇരുപത്തിയൊമ്പതിനായിരത്തിയഞ്ഞൂറു രൂപയും എം എഡിന് ഇരുപത്തിനാലായിരത്തിയഞ്ഞൂറ് രൂപയുമാണ് വാര്‍ഷിക ഫീസ്. കഴിഞ്ഞ അധ്യയന വര്‍ഷം മുതല്‍ ഈ കോഴ്സുകളുടെ ദൈര്‍ഘ്യം രണ്ട് കൊല്ലമായി ഉയര്‍ത്തി. എന്നാല്‍ ആനുകൂല്യം രണ്ടുവര്‍ഷവും നല്‍കുന്നതിനെക്കുറിച്ച് ഒരു ഉത്തരവും സര്‍ക്കാര്‍ പുറത്തിറക്കിയിട്ടില്ല. അധ്യയനവര്‍ഷം അവസാനിക്കുമ്പോള്‍ കോളേജുകള്‍ക്ക് നല്‍കുകകയായിരുന്നു പതിവ്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ ഫീസ് ഇതു വരെ നല്‍കിയിട്ടില്ല. ഇതേതുടര്‍ന്നാണ് വിദ്യാര്‍ത്ഥികളോട് മാനേജ്മെന്‍റുകള്‍ ഫീസ് അടക്കാന്‍ ആവശ്യപ്പെട്ടത്.
സര്‍ക്കാര്‍ പണം നല്‍കാത്തതിനാല്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കുകയല്ലാതെ മറ്റു വഴിയില്ലെന്നാണ് മാനേജ്മെന്‍റുകളുടെ വാദം.
പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗത്തില്‍ പെട്ട വിദ്യാര്‍ത്ഥികളുടെ ലപ്സം ഗ്രാന്‍റ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും ഇതുവരെ ലഭിച്ചിട്ടില്ല. ഹോസ്റ്റല്‍ ഫീസും വിദ്യാര്‍ത്ഥികളാണ് അടക്കുന്നത്. ഇതോടെ പഠനം ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് ഈ വിദ്യാര്‍ത്ഥികള്‍.