ജയരാജന്റെ വിവാദ പ്രസ്താവന യുഡിഎഫ് രാഷ്ട്രീയ ആയുധമാക്കുന്നു
സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ വിവാദ പ്രസ്താവന ചര്‍ച്ചയാക്കി അക്രമ രാഷ്ട്രീയം തെരഞ്ഞെടുപ്പ് വിഷയമാക്കാന്‍ യുഡിഎഫ് നീക്കം.
സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ വിവാദ പ്രസ്താവന ചര്‍ച്ചയാക്കി അക്രമ രാഷ്ട്രീയം തെരഞ്ഞെടുപ്പ് വിഷയമാക്കാന്‍ യുഡിഎഫ് നീക്കം. ജയരാജന്റെ പ്രസംഗം നിസാരമായി കാണാനാവില്ലെന്ന് ഉമ്മന്‍ചാണ്ടിയും കേരളത്തോടുള്ള വെല്ലുവിളിയെന്ന് വി എം സുധീരനും പ്രതികരിച്ചു. എന്നാല്‍ വിവാദത്തോട് പ്രതികരിക്കാന്‍ സിപിഎം നേതാക്കള്‍ തയാറായിട്ടില്ല.
ഇടതുമുന്നണിയുടെ കാട്ടക്കടയിലെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലാണ് ജയരാജന്റെ വിവാദ പ്രസംഗം. സിപിഎമ്മിന് കടം വന്നുകൊണ്ടിരുന്നാല്‍ ചിലപ്പോള്‍ തിരിച്ചുകൊടുക്കുമെന്നായിരുന്നു ജയരാജന്റെ പ്രസ്താവന. ഇതിനെതിരെ രൂക്ഷമായ ഭാഷയിലാണ് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ ഇന്നും പ്രതികരിച്ചത്. സിപിഎം അക്രമ രാഷ്ട്രീയം ഉപേക്ഷിക്കില്ലെന്നതിന്റെ വ്യക്തമായ തെളിവാണ് പ്രസംഗമെന്നും സുധീരന്‍ പറഞ്ഞു. പ്രസംഗത്തെ നിസ്സാരമായി കാണാനാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതികരിച്ചു.
കൊലക്കേസില്‍ അറസ്റ്റിലായി ജാമ്യത്തില്‍ കഴിയുന്ന ജയരാജന്റെ പ്രസ്താവന രാഷ്ട്രീയ ആയുയുധമായാണ് യുഡിഎഫ് കാണുന്നത്. എന്നാല്‍ ജയരാജന്റെ പ്രസംഗത്തോടോ സുധീരന്റെയും ഉമ്മന്‍ചാണ്ടിയുടെയും പ്രസ്താവനയോടോ പ്രതികരിക്കാന്‍ സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ തയാറായില്ല.