നിരോധമുണ്ടെങ്കിലും ശബരിമലയില്‍ ലഹരി ഉല്‍പ്പന്നങ്ങളുടെ ഉപയോഗവും വില്‍പ്പനയും വ്യാപകം
ഇതിനോടകം 150 ഓളം കേസുകളാണ് സന്നിധാനത്തെ എക്സൈസ് സംഘം രജിസ്റ്റര്‍ ചെയ്തത്
പുകയില ഉത്പന്നങ്ങള്‍ക്കും മറ്റ് ലഹരി വസ്തുക്കള്‍ക്കും നിരോധമുള്ള ശബരിമലയില്‍ ഇത്തരം ഉല്‍പ്പന്നങ്ങളുടെ ഉപയോഗവും വില്‍പ്പനയും വ്യാപകം. നിയമത്തിലെ പഴുത് ലഹരി നിരോധിക ഉല്‍പ്പന്നങ്ങള്‍ കടത്തുന്നവര്‍ക്ക് സഹായമാകുന്നതാണ് കാരണം. ഇതിനോടകം 150 ഓളം കേസുകളാണ് സന്നിധാനത്തെ എക്സൈസ് സംഘം രജിസ്റ്റര്‍ ചെയ്തത്.
സന്നിധാനത്തെ എക്സൈസ് സംഘം കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത നിരോധിത പുകയില ഉത്പന്നങ്ങളാണിത്. പക്ഷേ നിലവിലെ നിയമ പ്രകാരം 200 രൂപ പിഴ അടച്ചാല്‍ കുറ്റവാളി കുറ്റവിമുക്തനാകും. ഇത്തരത്തിലുള്ള 134 കേസുകളാണ് ഇതിനോടകം രജിസ്റ്റര്‍ ചെയ്തത്.
ലക്ഷക്കണക്കിന് രൂപയുടെ പുകയില ഉല്‍പ്പന്നങ്ങള്‍ സന്നിധാനത്ത് എത്തിച്ചാലും ഇത് തന്നെയാണ് ശിക്ഷ എന്നോര്‍ക്കണം. 10 വര്‍ഷത്തിന് ശേഷം സന്നിധാനത്ത് നിന്ന് വിദേശ മദ്യം പിടികൂടി. 4 ലിറ്റര്‍ മദ്യം കടത്താന്‍ ശ്രമിച്ച തൃശൂര്‍ ചാലക്കുടി സ്വദേശി ഹരീഷ് ബാബു ഇപ്പോള്‍ റിമാന്‍ഡിലാണ്. 16 ഗ്രാം കഞ്ചാവുമായി കൊപ്ര കളത്തില്‍ നിന്നും ഒരു തൊഴിലാളിയേയും പരിശോധനയില്‍ പിടികൂടി. ഇത്തരക്കാര്‍ക്ക് മാത്രമാണ് ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം ശിക്ഷ ലഭിക്കുകയുളളൂ.
24 അംഗ എക്സൈസ് സംഘമാണ് സന്നിധാനത്ത് ചുമതലയിലുള്ളത്. സി ഐ റാങ്കിലുള്ള ഉദ്യോഗസ്ഥാനാണ് ചുമതല. രഹസ്യാന്വേഷണ വിഭാഗവും പ്രിവന്റീവ് ഓഫീസറുമുണ്ട്, 8 പേര്‍ വീതമുള്ള മൂന്ന് സംഘമായി തിരിഞ്ഞ് മഫ്തിയിലും അല്ലാതെയും നടത്തുന്ന പരിശോധനകളിലാണ് നിയമലംഘകര്‍ കുടുങ്ങുന്നത്. പരിമിതമായ സൌകര്യങ്ങളാണ് എക്സൈസ് വിഭാഗത്തിന് സന്നിധാനത്ത് ഒരുക്കിയിട്ടുള്ളതും.