ഓണ്‍ലൈന്‍ സംവിധാനം തകരാറില്‍; എംജിയില്‍ പരീക്ഷകള്‍ മുടങ്ങുന്നു
ഓണ്‍ലൈന്‍ വിഭാഗത്തിലെയും പരീക്ഷാഭവനിലെയും ഉദ്യോഗസ്ഥര്‍ തമ്മിലുള്ള തര്‍ക്കം കാരണമാണ് പ്രശ്നം പരിഹരിക്കാത്തതെന്ന് ആക്ഷേപമുണ്ട്.
ഓണ്‍ലൈന്‍ സംവിധാനത്തിലെ തകരാറ് മൂലം എംജി സര്‍വ്വകലാശാലയില്‍ പരീക്ഷകള്‍ വൈകുന്നതായി പരാതി. ഡിഗ്രി ഒന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികളുടെ പരീക്ഷയാണ് രണ്ട് മാസമായി വൈകിയിരിക്കുന്നത്. ഓണ്‍ലൈന്‍ വിഭാഗത്തിലെയും പരീക്ഷാഭവനിലെയും ഉദ്യോഗസ്ഥര്‍ തമ്മിലുള്ള തര്‍ക്കം കാരണമാണ് പ്രശ്നം പരിഹരിക്കാത്തതെന്നും ആക്ഷേപമുണ്ട്.
ഫീസ് ഉള്‍പ്പെടെയുള്ള എല്ലാ നടപടികളും എംജി സര്‍വ്വകലാശാല നവംബര്‍ മുതല്‍ ഓണ്‍ലൈന്‍ ആക്കിയിരുന്നു. ഇത് പ്രകാരം ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥികള്‍ ആദ്യ സമസ്റ്റര്‍ പരീക്ഷയ്ക്ക് ഓണ്‍ലൈനായി ഫീസും അപേക്ഷയും സമര്‍പ്പിക്കണം. എന്നാല്‍ ഓണ്‍ലൈന്‍ സംവിധാനം തകരാറിലായതോടെ നവംബര്‍ മാസം നടക്കേണ്ട പരീക്ഷ ഇതുവരെ നടത്താന്‍ സര്‍വകലാശാലയ്ക്ക് സാധിച്ചിട്ടില്ല. ജനുവരിയിലേക്ക് ഇതേ തുടര്‍ന്ന് പരീക്ഷ മാറ്റിയെങ്കിലും ഇപ്പോഴും ഓണ്‍ലൈന്‍റെ പ്രശ്നം പരിഹരിച്ചിട്ടില്ല. 23നുളളില്‍ അപേക്ഷ സമര്‍പ്പിക്കണമെന്നിരിക്കെ വിദ്യാര്‍ത്ഥികള്‍ ആശങ്കയിലാണ്.
പരീക്ഷ മാറ്റിയ വിവരം കോളജുകളെ അറിയിക്കാത്തതും ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. രണ്ടാം വര്‍ഷത്തില്‍ സപ്ലിമെന്ററി പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളെയും ഈ പ്രശ്നം ബാധിച്ചിട്ടുണ്ട്. പരീക്ഷ ഫലം അടക്കമുള്ള കാര്യങ്ങളും ഇതോടെ തകരാറിലായിട്ടുണ്ട്. അതേസമയം ഓണ്‍ലൈന്‍ തകരാറ് പരിഹരിക്കാത്തതിന് കാരണം ഓണ്‍ലൈന്‍ വിഭാഗത്തിലെ ജീവനക്കാരും പരീക്ഷ ഭവനിലെ ജീവനക്കാരും തമ്മിലുള്ള തര്‍ക്കമാണെന്നും ആക്ഷേപമുണ്ട്.