ചേര്‍ത്തല കെവിഎം ആശുപത്രി അടച്ചുപൂട്ടുമെന്ന് വ്യാപക പ്രചരണം

Update: 2018-04-25 11:14 GMT
Editor : Subin
ചേര്‍ത്തല കെവിഎം ആശുപത്രി അടച്ചുപൂട്ടുമെന്ന് വ്യാപക പ്രചരണം
Advertising

പ്രചരണത്തിന് പിന്നില്‍ ആശുപത്രി അധികൃതരാണെന്നും നേഴ്‌സിംങ് സമരം പരാജയപ്പെടുത്താനുള്ള ശ്രമമെന്നും സമരസമിതി ആരോപണം

ചേര്‍ത്തല കെ വി എം ആശുപത്രിയിലെ നഴ്സുമാരുടെ സമരം പരാജയപ്പെടുത്താന്‍ പുതിയ സമ്മര്‍ദ്ദ തന്ത്രവുമായി ആശുപത്രി മാനേജ്മെന്‍റ്. ആശുപത്രി അടച്ചു പൂട്ടുമെന്ന് മാനേജ്മെന്‍റ് പ്രചാരണം ആരംഭിച്ചു. എന്നാല്‍ നിയമ പ്രകാരം ആശുപത്രി പൂട്ടിയിടാന്‍ മാനേജ്മെന്‍റിന് കഴിയില്ലെന്നും കെ വി എം നഴ്സിംഗ് കോളേജിന് അനുമതി നേടിയെടുത്തതും പ്രവര്‍ത്തിക്കുന്നതും ഈ ആശുപത്രിയെ ആശ്രയിച്ചാണെന്നും സമരസമിതി പ്രതികരിച്ചു.

Full View

നഴ്സുമാരുടെ സമരം ഒത്തു തീര്‍പ്പാക്കാന്‍ രണ്ടു മന്ത്രിമാരുടെ നേതൃത്വത്തില്‍‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ കെ വി എം ആശുപത്രി മാനേജ്മെന്‍റ് നിഷേധാത്മക സമീപനമാണ് സ്വീകരിച്ചിരുന്നത്. തുടര്‍‍ന്നാണ് ആശുപത്രി പൂട്ടാന്‍ പോവുകയാണെന്ന് വ്യാപക പ്രചാരണം ആരംഭിച്ചത്. നിലവില്‍ ആശുപത്രിയിലുള്ള രോഗികള്‍ ഡിസ്‌ചാര്‍ജായിക്കഴിഞ്ഞാല്‍ നിയമ പ്രകാരമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി ആശുപത്രി പൂട്ടുമെന്നാണ് മാനേജ്മെന്‍റിന്‍റെ പ്രചാരണം. എന്നാല്‍ നിയമപ്രകാരം ആശുപത്രി പൂട്ടാനാവില്ലെന്നും ഇപ്പോഴത്തേത് സമരം പരാജയപ്പെടുത്താനും പ്രദേശത്തെ ജനങ്ങളെ സമരത്തിന് എതിരാക്കാനുമുള്ള ആസൂത്രിത നീക്കമാണെന്നുമാണ് സമരസമിതി നേതാക്കള്‍ പറയുന്നത്. ഇവിടെയുള്ള കെ വി എം നഴ്സിംഗ് കോളേജിന് അനുമതി നേടിയെടുത്തതും ഇപ്പോള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതും കെ വി എം ആശുപത്രിയെ ആശ്രയിച്ചാണെന്നും സമര സമിതി നേതാക്കള്‍ വിശദീകരിക്കുന്നു.

നഴ്സിംഗ് കോളേജില്‍ എട്ടും നഴ്സിംഗ് സ്കൂളില്‍ നാലും ബാച്ചുകളിലായി 700ഓളം വിദ്യാര്‍ത്ഥികളാണ് നിലവില്‍ പഠിക്കുന്നത്. ആശുപത്രി പൂട്ടിയാല്‍ ഈ സ്ഥാപനവും മാനേജ്മെന്‍റിന് പൂട്ടേണ്ടി വരുമെന്നും സമരസമിതി നേതാക്കള്‍ പറയുന്നു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News