ഐ.എ.എസ് തമ്മിലടി: രാജു നാരായണസ്വാമിയെയും ബിജു പ്രഭാകറിനെയും മാറ്റി
വ്യവസായ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ ഹോർട്ടികോർപ്പിൽ ഇല്ലാത്ത തസ്തിക സൃഷ്ടിച്ചു ജനറൽ മാനേജരായി ബിജു പ്രഭാകർ നിയമിച്ചെന്ന ആരോപണവുമായി രാജു നാരായണസ്വാമി രംഗത്തെത്തിയതോടെയാണ് ഐഎഎസ് തലപ്പത്ത് വീണ്ടും അടിതുടങ്ങിയത്
പരസ്പരം ആരോപണങ്ങൾ ഉന്നയിച്ച മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരായ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജു നാരായണസ്വാമിയെയും കൃഷി ഡയറക്ടർ ബിജു പ്രഭാകറിനെയും സ്ഥാനം മാറ്റിയാണ് സർക്കാർ. ഇരുവരുടെയും സ്ഥാനമാറ്റങ്ങൾക്ക് മന്ത്രിസഭ അംഗീകാരം നൽകി. ഇരുവർക്കും പകരം ചുമതല നൽകിയിട്ടില്ല. ടിക്കാറാം മീണയാണ് പുതിയ കൃഷിവകുപ്പ് സെക്രട്ടറി. പുതിയ കൃഷിവകുപ്പ് ഡയറക്ടറെ പിന്നീട് തീരുമാനിക്കും.
വ്യവസായ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ ഹോർട്ടികോർപ്പിൽ ഇല്ലാത്ത തസ്തിക സൃഷ്ടിച്ചു ജനറൽ മാനേജരായി ബിജു പ്രഭാകർ നിയമിച്ചെന്ന ആരോപണവുമായി രാജു നാരായണസ്വാമി രംഗത്തെത്തിയതോടെയാണ് ഐഎഎസ് തലപ്പത്ത് വീണ്ടും അടിതുടങ്ങിയത്. ബിജു പ്രഭാകറിന്റെ ഐ.എ.എസ് വ്യാജമാണെന്നു തെളിയിക്കുന്ന രേഖകൾ തന്റെ കൈവശമുണ്ടെന്നു പറഞ്ഞ അദ്ദേഹം, ബിജുവിന്റെ ചില നടപടികളിൽ അഴിമതിയുണ്ടെന്ന സംശയത്താലാണു ഫയലുകൾ വിളിച്ചുവരുത്താൻ ശ്രമിക്കുന്നതെന്നും വിശദീകരിച്ചു. ഹോർട്ടികൾച്ചർ മിഷന്റെ പരിപാടിയുമായി ബന്ധപ്പെട്ട് ഇസ്രയേലിൽ നിന്നുള്ള വ്യക്തിയെ പങ്കെടുപ്പിച്ചതിന്റെ ഫയൽ ഹാജരാക്കാൻ ബിജു പ്രഭാകറിനോടു രാജു നാരായണസ്വാമി ആവശ്യപ്പെട്ടിരുന്നു.