സന്നിധാനത്ത് പുതിയ സ്വര്‍ണകൊടിമരം; പണി പുരോഗമിക്കുന്നു
സന്നിധാനത്ത് സ്ഥാപിക്കുന്ന കൊടിമരത്തിന് സ്വര്‍ണം പൊതിയുന്നതിനുള്ള പ്രവൃത്തികള്‍ കഴിഞ്ഞ 9ന് പമ്പയില്‍ ആരംഭിച്ചു
ശബരിമലയില്‍ പുതുതായി സ്ഥാപിക്കുന്ന കൊടിമരത്തിന് സ്വര്‍ണം പൊതിയുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ പമ്പയില്‍ പുരോഗമിക്കുന്നു. കൊടിമരമായി ഉപയോഗിക്കുന്ന തേക്കിന്‍തടി സ്വര്‍ണം പൊതിയുന്നതിന് 9 കിലോ 916 ഗ്രാം സ്വര്‍ണം ഉപയോഗിക്കും. ജൂണ്‍ 25 നാണ് പുതിയ കൊടിമരം സന്നിധാനത്ത് സ്ഥാപിക്കുന്നത്.
സന്നിധാനത്ത് സ്ഥാപിക്കുന്ന കൊടിമരത്തിന് സ്വര്‍ണം പൊതിയുന്നതിനുള്ള പ്രവൃത്തികള്‍ കഴിഞ്ഞ 9ന് പമ്പയില്‍ ആരംഭിച്ചു. രണ്ട് മാസംകൊണ്ട് ജോലി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. ചെമ്പ് പറകളില്‍ സ്വര്‍ണം പൂശിയാണ് കൊടിമരം പൊതിയുന്നത്. ഇതിനാവശ്യമായ സ്വര്‍ണം കസ്റ്റംസില്‍ നിന്നാണ് ദേവസ്വം അധികൃതര്‍ വാങ്ങി. സ്വര്‍ണക്കൊടിമരം സ്ഥാപിക്കുന്നതിനുള്ള ചെലവ് മൂന്ന് കോടി 20 ലക്ഷത്തി മുപ്പതിനായിരം രൂപ ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ സ്ഥാപനം സംഭാവനയായി നല്‍കി.
സ്വര്‍ണ കട്ടികള്‍ ആദ്യം റിബണ്‍ രൂപത്തിലാക്കുകയും പിന്നീട് ഇവ അടിച്ച് പരത്ത് ഫോയിലുകളാക്കുകയും ചെയ്യും. ഈ ഫോയിലുകള്‍ ചെമ്പ് പറകളില്‍ രസം ഉപയോഗിച്ച് ഒട്ടിച്ച് ചേര്‍ക്കും. ജൂണ്‍ 25ന് ആചാരപരമായ ചടങ്ങുകള്‍ക്ക് ശേഷം പുതിയ കൊടിമരം സന്നിധാനത്ത് സ്ഥാപിക്കുകയും തുടര്‍ന്ന് സ്വര്‍ണം പൊതിഞ്ഞ പറകള്‍ ക്രമം അനുസരിച്ച് ഇറക്കുകയും ചെയ്യും.