ചെന്നിത്തലയെ കൈവിടാതെ ഹരിപ്പാട്; യുഡിഎഫിന് ആശ്വാസം
ആഞ്ഞടിച്ച ഇടതു തരംഗത്തിലും ആലപ്പുഴ ജില്ലയില്‍ പിടിച്ചു നിന്നത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മാത്രം.
ആഞ്ഞടിച്ച ഇടതു തരംഗത്തിലും ആലപ്പുഴ ജില്ലയില്‍ പിടിച്ചു നിന്നത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മാത്രം. ജയം നേടിയ മന്ത്രി മണ്ഡലത്തില്‍ മാത്രമാണ് എന്‍ഡിഎ മുന്നണി, ജില്ലയില്‍ ഏറ്റവും കുറച്ച് വോട്ട് നേടിയത്. ഇവിടെ എന്‍ഡിഎയില്‍ അടിയൊഴുക്കുണ്ടായതാണ് ഇതിന് കാരണമെന്ന് ആരോപണമുണ്ട്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഹരിപ്പാട് മണ്ഡലത്തിൽ ബിജെപി പത്തൊൻപതിനായിത്തിൽപരം വോട്ട് നേടിയിരുന്നു. ഇത്തവണ ബിഡിജെഎസ് കൂടിച്ചേരുമ്പോൾ വോട്ട് വർധിക്കേണ്ടിയിരുന്നു. എന്നാൽ ലഭിച്ചതാവട്ടെ 12,985 വോട്ട് മാത്രം. മത്സരത്തിന്റെ ആദ്യ ഘട്ടത്തിൽ ബിജെപിയുടെ സംസ്ഥാന നേതാവിന്റെ പേരായിരുന്നു ഇവിടെ ഉയർന്നിരുന്നത്. എന്നാൽ അനിശ്ചിതത്വത്തിനൊടുവിൽ ജില്ലയിൽ അവസാനമാണ് ബിജെപിയുടെ ജില്ലാ ജനറൽസെക്രട്ടറിയെ രംഗത്തിറക്കിയത്. എസ്എൻഡിപിയുടെ സ്വാധീനമുള്ള മണ്ഡലത്തിൽ ബിഡിജെഎസ് വഴി ലഭിക്കേണ്ട വോട്ട് എൻഡിഎയുടെ പെട്ടിയിൽ വീണില്ലെന്നാണ് വിലയിരുത്തൽ. ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാവിന് സീറ്റ് നൽകാതിരുന്നത് ഇവിടെ ഈഴവ വോട്ടുറപ്പിക്കാനാണെന്ന ആക്ഷേപവുമുണ്ടായിരുന്നു. ജില്ലയിൽ യുഡിഎഫ് പിടിച്ചു നിൽക്കാൻ ശ്രമിച്ച ചേർത്തലയിൽ പക്ഷേ എൻഡിഎ ഇരുപതിനായിരത്തിനടുത്ത് വോട്ട് നേടി. ഹരിപ്പാട് എൻഡിഎക്ക് വോട്ട് കുറഞ്ഞത് സംസ്ഥാനത്ത് തന്നെ രൂപപ്പെട്ട ധാരണയുടെ ഭാഗമാണെന്നും പറയപ്പെടുന്നു. ഇവിടെ ബിജെപി സഖ്യത്തിന് വോട്ട് കുറഞ്ഞത് വരും ദിവസങ്ങളിൽ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചകൾക്ക് വഴിവെക്കുമെന്നുറപ്പാണ്.