മറയൂരിൽ താൽക്കാലിക വാച്ചറെ വനംവകുപ്പ് ഉദ്യോഗസ്ഥർ മർദ്ദിച്ചതായി പരാതി
നാച്ചിവയൽ ചന്ദന റിസർവിലെ വാച്ചർ മാരിയപ്പനാണ് മർദ്ദനമേറ്റത്
ഇടുക്കി: ഇടുക്കി മറയൂരിൽ താൽക്കാലിക വാച്ചറെ വനംവകുപ്പ് ഉദ്യോഗസ്ഥർ മർദ്ദിച്ചതായി പരാതി. നാച്ചിവയൽ ചന്ദന റിസർവിലെ വാച്ചർ മാരിയപ്പനാണ് മർദ്ദനമേറ്റത്. ചന്ദന മോഷണത്തിൻ്റെ പേരിൽ മാരിയപ്പനും ഉദ്യോഗസ്ഥരും തമ്മിൽ തർക്കമുണ്ടായിരുന്നു. മാരിയപ്പനെ ജോലിയിൽനിന്ന് പിരിച്ചു വിട്ടതിലെ വ്യാജ ആരോപണമെന്നാണ് വനം വകുപ്പിൻ്റെ വിശദീകരണം.
മറയൂരിൽ ഏറ്റവും അധികം ചന്ദനമരങ്ങൾ വളരുന്ന പ്രദേശമാണ് നാച്ചിവയൽ. 24 മണിക്കൂറും കാവലുള്ള പ്രദേശം. ഇത് മറികടന്നാണ് കഴിഞ്ഞ ദിവസം നാല് ചന്ദന മരങ്ങൾ മോഷ്ടാക്കൾ മുറിച്ചു കടത്തിയത്. കഴിഞ്ഞ ഒരുമാസത്തിനിടെ നടന്ന മോഷണ കേസിൽ പ്രതികൾ പിടിയിലായതിന് പിന്നാലെയാണ് വീണ്ടും ചന്ദനമരങ്ങൾ മുറിച്ച് കടത്തിയത്. വിവരമറിഞ്ഞെത്തിയ ഉദ്യോഗസ്ഥർ അകാരണമായി മർദിക്കുകയായിരുന്നെന്നാണ് മാരിയപ്പൻ്റെ പരാതി.
പരിക്കേറ്റ മാരിയപ്പൻ മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ജോലിസമയത്ത് ചന്ദനമരങ്ങൾ മോഷണം പോയതിൽ വിശദീകരണം തേടിയിരുന്നെന്നും മാരിയപ്പനെ പിരിച്ചു വിട്ടതിലെ വ്യാജ ആരോപണമെന്നുമാണ് വനം വകുപ്പിൻ്റെ വിശദീകരണം. ചന്ദന സംരക്ഷണത്തിൽ ഏർപ്പെടുത്തിയ അശാസ്ത്രീയ പരിഷ്കാരങ്ങളാണ് മോഷണം വർധിക്കാൻ കാരണമെന്ന് വാച്ചർമാരും ആരോപിക്കുന്നു. മാരിയപ്പനെ മർദ്ദിച്ചതിൽ വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്.