ഒരു മഴ പെയ്താല്‍ പുഴയാകുന്ന മുറ്റങ്ങള്‍
നൂല്‍പുഴ പഞ്ചായത്തിലെ കാക്കത്തോട് പണിയകോളനിയിലെ ആദിവാസികളുടെ ദുരിതങ്ങള്‍ തീരുന്നില്ല
മഴയായാല്‍ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന കോളനികള്‍ നിരവധിയുണ്ട് വയനാട്ടില്‍. കഴിഞ്ഞ കുറേ ദശാബ്ദങ്ങളായി ഈ ദുരിതം അനുഭവിയ്ക്കുകയാണ് നൂല്‍പുഴ പഞ്ചായത്തിലെ കാക്കത്തോട് പണിയകോളനിയില്‍ ഉള്ളവര്‍. വയലിന്റെ നടുക്കുള്ള കോളനിയില്‍ ചെറിയ മഴ പെയ്താല്‍ പോലും വെള്ളം കയറുന്ന അവസ്ഥയാണ്.
വയനാട്ടില്‍ ഇനിയും കാലവര്‍ഷം ശക്തിപ്രാപിച്ചിട്ടില്ല. എന്നാല്‍, കാക്കത്തോട് കോളനിക്കാരുടെ വീടിന്റെ മുറ്റം കണ്ടാല്‍ കനത്ത മഴ തുടങ്ങിയിട്ട് ദിവസങ്ങളായെന്നു തോന്നും. മുഴുവന്‍ വെള്ളക്കെട്ടും ചളിയും. രണ്ടു ദിവസത്തെ ചെറിയ മഴയിലാണ് കോളനി ഈ അവസ്ഥയിലായത്. മഴ ശക്തമായാല്‍ ജില്ലയില്‍ തന്നെ ആദ്യം മാറ്റിപ്പാര്‍പ്പിയ്ക്കുന്നത് കാക്കത്തോട് കോളനിയില്‍ ഉള്ളവരെയാണ്. 22 വീടുകളിലായി 32 കുടുംബങ്ങള്‍ കഴിയുന്നുണ്ട്. പുനരധിവാസമെന്ന സര്‍ക്കാര്‍ വാഗ്ദാനത്തിന് ഇവരുടെ ജീവിതത്തോളം തന്നെ പഴക്കമുണ്ട്,
എല്ലാ മഴക്കാലത്തും മാറ്റിപ്പാര്‍പ്പിയ്ക്കല്‍ എന്ന വാഗ്ദാനങ്ങളുമായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും എത്തും. ഇവരെ താല്‍കാലിക ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് മാറ്റും. മഴ മാറുമ്പോള്‍ തിരികെ കോളനിയിലേയ്ക്ക്. വാഗ്ദാനങ്ങള്‍ അങ്ങനെ തന്നെ തുടരും. കാക്കത്തോടിനു പുറമെ, നൂല്‍പുഴ പഞ്ചായത്തിലെ തന്നെ ചാടകപ്പുര, പുഴങ്കുനി കോളനിക്കാരും ഇതേ ദുരിതം അനുഭവിയ്ക്കുന്നവരാണ്. മഴയെ പേടിയ്ക്കാതെ അടുത്ത തലമുറയ്ക്കെങ്കിലും സുഖമായി കഴിയാനുള്ള നടപടികള്‍ ഉണ്ടാകണമെന്ന ആവശ്യമാണ് ഇവര്‍ പ്രതിഷേധത്തോടെ പങ്കുവെയ്ക്കുന്നത്.