ഖരമാലിന്യ നിര്‍മ്മാര്‍ജ്ജനം; ആലപ്പുഴക്ക് ഐക്യരാഷ്ട്രസഭയുടെ അംഗീകാരം
മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനായി പോരാടുന്ന ലോകത്തെ അഞ്ചു നഗരങ്ങളുടെ പട്ടികയിലാണ് ആലപ്പുഴയെ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നത്
ഖരമാലിന്യ നിര്‍മ്മാര്‍ജ്ജനരംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ആലപ്പുഴ നഗരത്തിന് ഐക്യരാഷ്ട്രസഭയുടെ അംഗീകാരം. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനായി പോരാടുന്ന ലോകത്തെ അഞ്ചു നഗരങ്ങളുടെ പട്ടികയിലാണ് ആലപ്പുഴയെ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നത്. ഇന്ത്യയില്‍ നിന്ന് പട്ടികയില്‍ ഇടംപിടിച്ച ഏക നഗരമാണ് ആലപ്പുഴ.
ജപ്പാനിലെ ഒസാക്ക, മലേഷ്യയിലെ പെനാങ്ക് എന്നിവയടക്കമുള്ള വന്‍ നഗരങ്ങളോടൊപ്പമാണ് ആലപ്പുഴയ്ക്കും ഐക്യരാഷ്ട്ര സഭ പരിസ്ഥിതി വിഭാഗത്തിന്റെ അംഗീകാരം ലഭിച്ചിരിയ്ക്കുന്നത്. ഖരമാലിന്യ നിര്‍മ്മാര്‍ജ്ജന രംഗത്തുള്ള നേട്ടങ്ങളാണ് പുരസ്‌കാരലബ്ദിയ്ക്ക് പിന്നില്‍. നഗരസഭയുടെ കീഴില്‍ വിവിധ വാര്‍ഡുകളിലായി പരന്നുകിടക്കുന്ന കമ്പോസ്റ്റ് യൂണിറ്റുകളാണ് അലപ്പുഴയുടെ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ ആണിക്കല്ല്.
ആലപ്പുഴ എം.എല്‍.എ കൂടിയായ ധനമന്ത്രി തോമസ് ഐസക്ക് മുന്‍കയ്യെടുത്താണ് എയ്റോബിക് കമ്പോസ്റ്റ് നിര്‍മിച്ച് മാലിന്യം സംസ്‌കരിക്കുന്നതിനുള്ള പദ്ധതി നഗരത്തിന് പരിചയപ്പെടുത്തിയത്. ഈ പദ്ധതി നടപ്പാക്കിയതിനെത്തുടര്‍ന്ന് മാലിന്യ സംസ്കരണത്തിനും ശുചിത്വ നഗരത്തിനുമുള്ള നിരവധി പുരസ്കാരങ്ങള്‍ ആലപ്പുഴയെത്തേടിയെത്തിയിട്ടുണ്ട്.