ലീഗിന്റെ കോട്ടകളില്‍ വിള്ളല്‍ വീഴ്ത്തി സ്വതന്ത്ര സ്ഥാനാര്‍ഥികള്‍
ലീഗിന്റെ കോട്ടകളില്‍ വിള്ളല്‍ വീഴ്ത്താന്‍ മലപ്പുറത്തെ സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്ക് കഴിഞ്ഞു. കോഴിക്കോട് ഇടതുപക്ഷത്ത് ചേര്‍ന്ന പിടിഎ റഹീമിനെയും കാരാട്ട് റസാഖിനെയും ഒരുമിച്ച് നേരിടുകയെന്ന ശക്തമായ വെല്ലുവിളിയും മുസ്‍ലിം ലീഗിന് മുന്നിലുണ്ട്.
യുഡിഎഫിന്റെ ശക്തി കേന്ദ്രമായ മലപ്പുറം ജില്ലയില്‍ ഇടതുപക്ഷം പൊതുസ്വതന്ത്ര സ്ഥാനാര്‍ഥികളെ പരീക്ഷിച്ചത് വിജയം കണ്ടു. ലീഗിന്റെ കോട്ടകളില്‍ വിള്ളല്‍ വീഴ്ത്താന്‍ സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്ക് കഴിഞ്ഞു. പല മണ്ഡലങ്ങളിലും യുഡിഎഫിന്റെ ഭൂരിപക്ഷം കുറക്കാനും എല്‍ഡിഎഫിനായി. അതുപോലെ കൊടുവള്ളിയിലെ അട്ടിമറി വിജയത്തോടെ കോഴിക്കോട്ടെ ലീഗ് കോട്ടകളില്‍ ഒരു വാതില്‍ കൂടി സിപിഎം തുറന്നു. അതുപോലെ മുസ്ലിം ലീഗില്‍ നിന്ന് പുറത്തുവന്ന് ഇടതുപക്ഷത്ത് ചേര്‍ന്ന പിടിഎ റഹീമിനൊപ്പം ഇനി കാരാട്ട് റസാഖുമുണ്ടാകും. ഇടതുപക്ഷത്ത് ചേര്‍ന്ന ഈ രണ്ട് നേതാക്കളെയും ഒരുമിച്ച് നേരിടുകയെന്ന ശക്തമായ വെല്ലുവിളിയാണ് മുസ്ലിം ലീഗിന് മുന്നിലുള്ളത്.
5 സ്വതന്ത്ര സ്ഥാനാര്‍ഥികളാണ് എല്‍ഡിഎഫിനായി മലപ്പുറം ജില്ലയില്‍നിന്നും ജനവിധി തേടിയത്. വ്യവസായികളെ മത്സരിപ്പിക്കുന്നുവെന്ന വിമര്‍ശം ഉയര്‍ന്നെങ്കിലും രണ്ട് മണ്ഡലങ്ങള്‍ പിടിച്ചെടുക്കാന്‍ എല്‍ഡിഎഫിനായി. ലീഗ് മാത്രം വിജയിച്ചു വന്ന താനൂരില്‍ പൊതുസ്വതന്ത്രനായ വി.അബ്ദുറഹ്മാന്‍ 4918 വോട്ടിന് വിജയിച്ചു. മൂന്ന് പതിറ്റാണ്ട് ആര്യാടന്‍ മുഹമ്മദ് കുത്തകയാക്കിയ നിലമ്പൂര്‍ മണ്ഡലം പി.വി അന്‍വറെന്ന എല്‍ഡിഎഫ് സ്വതന്ത്രന്‍ 11504 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പിടിച്ചെടുത്തു.
പാര്‍ട്ടി സ്ഥാനാര്‍ഥികളും സ്വതന്ത്ര സ്ഥാനാര്‍ഥികളും വോട്ട് വര്‍ധിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ആറര ലക്ഷം വോട്ടു ലഭിച്ചെങ്കില്‍ ഇത്തവണയിത് ഒമ്പതരലക്ഷമായി ഉയര്‍ന്നു. കഴിഞ്ഞ തവണ 40101 വോട്ടിന് വിജയിച്ച പൊന്നാനിയില്‍ ഇത്തവണ പി.ശ്രീരാമകൃഷ്ണന്‍ 15640 വോട്ടിനാണ് വിജയിച്ചത്. തവനൂരില്‍ 2011 നേകാള്‍ 8857വോട്ട് ഇത്തവണ അധികമായി ലഭിച്ചു. യുഡിഎഫിന്റെ മണ്ഡലങ്ങളില്‍ ഭൂരിപക്ഷം കുറക്കാനായതും ഇടതുപക്ഷം നേട്ടമായി കാണുന്നു. പി.കെ അബ്ദുറബ് മത്സരിച്ച തിരൂരങ്ങാടിയില്‍മാത്രം കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 24101 വോട്ടിന്റെ ഭൂരിപക്ഷം യുഡിഎഫിന് കുറഞ്ഞു. ഏറനാട് മണ്ഡലത്തില്‍ പി.കെ ബഷീറിന് കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാള്‍ 1841 വോട്ട് അധികം ലഭിച്ചത് ഒഴിച്ചാല്‍ നിര്‍ത്തിയാല്‍ ബാക്കി മണ്ഡലങ്ങളിലെല്ലാം ഭൂരിപക്ഷം കുറഞ്ഞു.
മുസ്ലിം ലീഗിന് ഒറ്റക്ക് മല്‍സരിച്ച് ജയിക്കാന്‍ കഴിയുന്ന കോട്ടയാണ് കൊടുവള്ളി. ഇവിടെ മുസ്ലിം ലീഗില്‍ നിന്നും അടര്‍ത്തിയെടുത്തവരെ മല്‍സരിപ്പിച്ച് വിജയിപ്പിക്കുന്ന തന്ത്രം രണ്ടാം തവണയാണ് ഇടതുപക്ഷം പയറ്റുന്നത്. ലീഗിന്റെ മണ്ഡലം ജനറല്‍ സെക്രട്ടറിയായിരുന്ന കാരാട്ട് റസാഖിനെ വെച്ചാണ് ഇത്തവണ കൊടുവള്ളി പിടിച്ചതെങ്കില്‍ 2006 ല്‍ പിടിഎ റഹീമിനെവെച്ചായിരുന്നു പരീക്ഷണം. പിടിഎ റഹീം ഇത്തവണ തൊട്ടടുത്ത കുന്ദമംഗലം മണ്ഡലത്തില്‍ നിന്നും വിജയിച്ചിട്ടുണ്ട്. മുസ്ലിം ലീഗ് അണികളുമായി നല്ല ബന്ധമുള്ള രണ്ട് നേതാക്കള്‍ ഇടത് എംഎല്‍എമാര്‍ ആയിരിക്കുന്നതിലെ രാഷ്ട്രീയ ഭീഷണിയാണ് മുസ്ലിം ലീഗിനെ അലട്ടുന്നത്. മേഖലയില്‍ മുസ്ലിം ലീഗില്‍ നിന്നും അണികളുടെ ചോര്‍ച്ചയുണ്ടാകുമോ എന്നാണ് ലീഗിന്റെ ആശങ്ക. കൊടുവള്ളിയിലെ മുസ്ലിം ലീഗില്‍ സംഘടനാ പ്രശ്നങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ ഇരുവരെയും രാഷ്ട്രീയമായി നേരിടുക ലീഗിന് കഠിനമായിരിക്കും.
കൊടുവള്ളിയിലെ പരാജയം രാഷ്ട്രീയ കാരണങ്ങള്‍ മൂലമല്ലെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ഉമര്‍പാണ്ടികശാല ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. കൊടുവള്ളിയില്‍ സംഘടനാപരമായ നടപടികള്‍ക്കും പാര്‍ട്ടി മുതിരുകയാണ്.