പുതുക്കിയ കെപിസിസി പട്ടിക അംഗീകരിക്കില്ലെന്ന് രാഹുല്‍ ഗാന്ധി
എ, ഐ ഗ്രൂപ്പ് വീതം വെപ്പാണ് പുതിയ പട്ടികയെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു...
പുതുക്കി നൽകിയ കെപിസിസി ഭാരവാഹി പട്ടികയും അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി കോൺഗ്രസ് ഹൈക്കമാൻഡ്. പട്ടിക എ ഐ ഗ്രൂപ്പുകളുടെ വീതംവെയ്പ്പാണെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. എംപി മാരുടെ നിർദേശം അവഗണിച്ചതിലും കടുത്ത അതൃപ്തി രാഹുൽ ഗാന്ധി രേഖപ്പെടുത്തി. കേരളത്തിലെ ഗ്രൂപ്പുകളുടെ അതിപ്രസരം അംഗീകരിക്കാനാവില്ലെന്നും രാഹുൽ.
ഒന്നിലേറെ തവണ നിരസിച്ച പട്ടികയിൽ വീണ്ടും മാറ്റം വരുത്തി രണ്ട് ദിവസം മുമ്പാണ് കേരളനേതൃത്വം ഹൈക്കമാൻറ്റിന് കൈമാറിയത്. എന്നാൽ പുതുക്കി നൽകിയ 282 പേരുടെ പട്ടികയും മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നാണ് ഹൈക്കമാന്‍ഡിന്‍റെ വിലയിരുത്തൽ. എ,ഐ ഗ്രൂപ്പ് നേതാക്കളുടെ വിശ്വസ്ഥരെ മാത്രം തിരുകികയറ്റിയതാണ് പുതുക്കിയ പട്ടികയുമെന്നാണ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നിലപാട്. വനിതകൾക്കും യുവജനങ്ങൾക്കും പട്ടിക ജാതി പട്ടിക വിഭാഗക്കാർക്കും അർഹമായ പ്രാതിനിധ്യം പട്ടികയിൽ നൽകിയിട്ടുണ്ട്. എന്നാൽ ഇതും ഗ്രൂപ്പുകളുടെ വീതംവെപ്പാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. കേരളത്തിൽ ഗ്രൂപ്പുകളുടെ അതിപ്രസരമാണെന്നും വ്യക്തിതാൽപര്യമാണ് ഗ്രൂപ്പുകൾക്ക് പിന്നിലെന്നും രാഹുൽ കുറ്റപ്പെടുത്തി. പട്ടിക സംബന്ധിച്ച് പാർട്ടിയിൽ അഭിപ്രായഭിന്നതയുണ്ടെന്ന് എകെ ആൻറ്റണിയും തുറന്നുപറഞ്ഞു.
പട്ടിക സംബന്ധിച്ച അതൃപ്തി നേരത്തെ തന്നെ എംപിമാരായ ശശി തരൂരും കെ വി തോമസും നേതൃത്വത്തെ അറിയിച്ചിരുന്നു. ഇവരുടെ നിർദേശങ്ങളും അഭിപ്രായങ്ങളും പരിഗണിക്കാതിരുന്നതിനേയും രാഹുൽ വിമർശിച്ചിട്ടുണ്ട്. ഇത്തരത്തിൽ പാർട്ടിക്ക് മുന്നോട്ടുപോകാനാവില്ല. കുറ്റമറ്റ പട്ടിക നൽകിയില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് കേന്ദനേതൃത്വം നീങ്ങുമെന്ന മുന്നറിയിപ്പും സംസ്ഥാന നേതൃത്വത്തിന് നൽകിയിട്ടുണ്ട്.