തൊണ്ണൂറ്റൊമ്പതാം ജന്മദിനം ആഘോഷിച്ച് ഗൗരിയമ്മ
എല്ലാവരുടെയും ആശംസകള്‍ എറ്റുവാങ്ങി ആലപ്പുഴക്കാരുടെ കുഞ്ഞമ്മ 98 വയസ്സ് പൂര്‍ത്തിയാക്കി 99ലേക്ക് പ്രവേശിച്ചു.
നൂറുകണക്കിന് നാട്ടുകാരുടെയും പ്രമുഖ നേതാക്കളുടെയും സാന്നിദ്ധ്യത്തില്‍ കെ ആര്‍ ഗൗരിയമ്മയുടെ ജന്മദിനം ആഘോഷിച്ചു. മന്ത്രിമാരായ എ കെ ബാലന്‍, തോമസ് ചാണ്ടി എന്നിവരടക്കം നിരവധി നേതാക്കളാണ് ഗൌരിയമ്മയ്ക്ക് ആശംസകള്‍ നേരാന്‍ എത്തിയത്. എല്ലാവരുടെയും ആശംസകള്‍ എറ്റുവാങ്ങി ആലപ്പുഴക്കാരുടെ കുഞ്ഞമ്മ 98 വയസ്സ് പൂര്‍ത്തിയാക്കി 99ലേക്ക് പ്രവേശിച്ചു.
രാവിലെ വീട്ടിലെത്തിയ കാനം രാജേന്ദ്രന്‍ അടക്കമുള്ള അതിഥികളെ സ്വീകരിച്ച ശേഷമാണ് ഗൗരിയമ്മ പിറന്നാളാഘോഷം തീരുമാനിച്ചിരുന്ന റോട്ടറി ഹാളിലേക്ക് പോയത്. ഹാളിലെ വേദിയിലെ കസേരകളില്‍ നിറയെ അതിഥികള്‍. കസേരയില്‍ ഇടം കിട്ടാത്ത പിറന്നാളുകാരി നിലത്തിരുന്നു. പിന്നെ അതിഥികള്‍ ഒഴിഞ്ഞു കൊടുത്ത കസേരയിലേക്ക് . പിന്നീട് ആശംസകളും ഗൗരിയമ്മയുടെ പ്രസംഗവും. ശരിയുടെ രാഷ്ട്രീയത്തിനു വേണ്ടി നിലകൊള്ളാനുള്ള ആഹ്വാനം. ഒപ്പം കൂടെ നില്‍ക്കുന്നവരുടെയും ഇഷ്ടപ്പെടുന്നവരുടെയും കണ്ണു നനച്ച ചില വാചകങ്ങള്‍. തുടര്‍ന്ന് കേക്ക് മുറിച്ചു.
ഗൗരിയമ്മ തന്നെ സ്വന്തം കൈ കൊണ്ട് വന്നവര്‍ക്കെല്ലാം പിറന്നാള്‍ കേക്ക് നല്‍കി. എല്ലാവര്‍ക്കും വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു. മന്ത്രിമാര്‍ മുതല്‍ സാധാരണക്കാര്‍ വരെ എല്ലാവരും ചേര്‍ന്നാണ് ഗൗരിയമ്മയുടെ പിറന്നാള്‍ സദ്യ ഉണ്ട് മടങ്ങിയത്.