എംജി സര്‍വ്വകലാശാല കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്
ഡിസംബര്‍ മാസത്തിന് ശേഷം ശമ്പളം അടക്കമുള്ള കാര്യങ്ങള്‍ നല്‍കാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്ന് വി.സി ബാബു സെബാസ്റ്റ്യന്‍ വ്യക്തമാക്കി
എംജി സര്‍വ്വകലാശാല കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്. ഡിസംബര്‍ മാസത്തിന് ശേഷം ശമ്പളം അടക്കമുള്ള കാര്യങ്ങള്‍ നല്‍കാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്ന് വി.സി ബാബു സെബാസ്റ്റ്യന്‍ വ്യക്തമാക്കി. മറ്റ് സര്‍വ്വകലാശാലകള്‍ക്ക് തുല്യമായി ഫണ്ട് അനുവദിക്കാത്തതാണ് ഈ പ്രതിസന്ധിക്ക് കാരണം. അടിയന്തരമായി ഗ്രാന്റ് വര്‍ദ്ധിപ്പിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിസി അറിയിച്ചു.
നോണ്‍ പ്ലാന്‍ ഫണ്ടില്‍ ഇത്തവണ 128 കോടി രൂപയാണ് സര്‍ക്കാരില്‍ നിന്നും എംജി സര്‍വ്വകലാശാലയ്ക്ക് ലഭിച്ചത്. എന്നാല്‍ ശബളവും പെന്‍ഷനും അടക്കമുള്ള കാര്യങ്ങള്‍ക്കായി 170 കോടിയോളം രൂപ ചെലവായി. നിലവിലെ സാഹചര്യത്തില്‍ ഡിസംബര്‍ വരെയുള്ള ചിലവുകള്‍ നേരിടാന്‍ സര്‍വ്വകലാശാലയ്ക്ക് സാധിക്കുമെങ്കിലും അതിന് ശേഷം സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമെന്നാണ് വിസി പറയുന്നത്.
പ്രതിസന്ധി കണക്കിലെടുത്ത് മറ്റ് സര്‍വ്വകലാശാലകള്‍ക്ക് നല്കുന്ന തുകയ്ക്ക് തുല്യമായി എംജി സര്‍വ്വകലാശാലയ്ക്കും ഗ്രാന്റ് അനുവധിക്കണമെന്നാണ് വിസി അടക്കമുളളവരുടെ ആവശ്യം. പുതിയ സൊസൈറ്റിക്ക് കീഴിലേക്ക് 100 കോടി രൂപ മാറ്റണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം തല്കാലം നടപ്പാക്കാന്‍ സാധിക്കില്ലെന്ന് സര്‍ക്കാരിന് സര്‍വ്വകലാശാല മറുപടി നല്കി. ചിലര്‍ തെറ്റായി വിവരങ്ങള്‍ ധരിപ്പിച്ചതുകൊണ്ടാണ് ഇത്തരമൊരു തീരുമാനം ഉന്നത വിദ്യാഭ്യാസ വകുപ്പ് കൈക്കൊണ്ടതെന്നും വിസി അറിയിച്ചു.