എന്‍സിപിയില്‍ നിന്ന് എ കെ ശശീന്ദ്രന്‍ മന്ത്രിയാകും
എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയനാണ് മന്ത്രിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്
എന്‍സിപി പ്രതിനിധിയായി എ കെ ശശീന്ദ്രന്‍ മന്ത്രിസഭയിലെത്തും. മന്ത്രിസ്ഥാനം പങ്കിട്ടെടുക്കാന്‍ തീരുമാനിച്ചെന്ന വാര്‍ത്തകള്‍ അടസ്ഥാനരഹിതമാണെന്ന് സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്‍ പറഞ്ഞു. അതേസമയം ജെഡിഎസ് മന്ത്രിയുടെ കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.
എ കെ ശശീന്ദ്രനും തോമസ് ചാണ്ടിയും മന്ത്രിസ്ഥാനത്തിനായി ഉറച്ചു നിന്നതോടെയാണ് തീരുമാനമെടുക്കാന്‍ എന്‍സിപി നേതൃത്വം വൈകിയത്. കേരളത്തിന്റെ ചുമതലയുള്ള മുന്‍ മന്ത്രി പ്രഫുല്‍ പട്ടേല്‍ സംസ്ഥാന നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ആ ചര്‍ച്ചയില്‍ കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കാമെന്ന് ഇരുവരും അറിയിച്ചു. തുടര്‍ന്ന് ശരത് പവാറുമായി ചര്‍ച്ച നടത്തിയ ശേഷമാണ് മന്ത്രിസ്ഥാനം സംബന്ധിച്ച തീരുമാനമുണ്ടായത്.
തോമസ് ചാണ്ടി പാര്‍ട്ടിയുടെ സ്വത്താണെന്നും മന്ത്രിസ്ഥാനം വീതം വെക്കുമെന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. വകുപ്പ് സംബന്ധിച്ച തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണ്. അതേസമയം മന്ത്രിസ്ഥാനം സംബന്ധിച്ച് ജെഡിഎസ് മന്ത്രിയുടെ കാര്യത്തില്‍ ഇന്ന് തീരുമാനം ഉണ്ടായേക്കും.