ഇനി നിയമങ്ങള്‍ വേര്‍പിരിയ്ക്കില്ല; അനീഷും ഗീതയും വീണ്ടും വിവാഹിതരായി
ഭാര്യയ്ക്ക് പ്രായപൂര്‍ത്തിയാകാത്തതിന്റെ പേരില്‍ പോക്സോ നിയമം ചുമത്തി അനീഷിനെ ജയിലിലടച്ചിരുന്നു
ഗോത്രാചാര പ്രകാരം വിവാഹം കഴിച്ചതിന്റെ പേരില്‍ പോക്സോ നിയമം ചുമത്തി അറസ്റ്റു ചെയ്ത് ജയിലിടച്ച ആദിവാസി യുവാവ് അതേ യുവതിയെ വിവാഹം ചെയ്തു. നാലര വര്‍ഷം ജയിലില്‍ നിന്നു സന്പാദിച്ച പണം കൊണ്ടായിരുന്നു വിവാഹം. വയനാട് കല്ലൂര്‍ പണപ്പാടി കോളനിയിലെ അനീഷും ഗീതയുമാണ് ഇന്നലെ കോളനിയില്‍ വച്ച് വിവാഹിതരായത്.
ഇത് നിയമത്തെ തെറ്റായി വ്യാഖ്യാനിച്ച്, ഒരു സമൂഹത്തെ ജയിലിലടയ്ക്കുന്ന ഭരണകൂടത്തോടുള്ള യുവാവിന്റെ സമരമാണ്. തന്റെ ഭാര്യയ്ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല എന്നതിന്റെ പേരില്‍ നാലരവര്‍ഷം ജയില്‍ ശിക്ഷ. ഹൈക്കോടതി വിധിയിലൂടെ ശിക്ഷ റദ്ദാക്കി സ്വാതന്ത്ര്യത്തിലേയ്ക്ക്. പിന്നാലെ പ്രായപൂര്‍ത്തിയായ തന്റെ ഭാര്യയെ തങ്ങളുടെ ആചാര പ്രകാരം വീണ്ടും വിവാഹം ചെയ്ത് തിരികെ ജീവിതത്തിലേയ്ക്ക്.
പോക്സോ നിയമപ്രകാരം ജയില്‍ ശിക്ഷ അനുഭവിയ്ക്കുന്ന നിരവധി പേരില്‍ ഒരാള്‍ മാത്രമാണ് അനീഷ്. കാലങ്ങളായി നിലനിന്നു പോരുന്ന ഗോത്രാചാര പ്രകാരം വിവാഹ ജീവിതത്തിലേയ്ക്ക് എത്തിപ്പെട്ടതാണ് ഇവര്‍ ചെയ്ത കുറ്റം.
അനീഷും ഗീതയുമിപ്പോള്‍ സന്തോഷത്തിലാണ്. ഇനി ഒരു നിയമങ്ങളും തങ്ങളെ വേര്‍പിരിയ്ക്കില്ല. കാരണം ഇപ്പോള്‍ ഇവര്‍ക്ക് നിയമപ്രകാരമുള്ള പ്രായപൂര്‍ത്തി ആയി കഴിഞ്ഞു.