ഓസ്ട്രേലിയന്‍ പേസ് ഇതിഹാസം ജെഫ് തോംസണ്‍ കൃഷ്ണഗിരി സ്റ്റേഡിയത്തിലെത്തി
കേരള ക്രിക്കറ്റ് അസോസിയേഷന്‍, ഐഡിബിഐ ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി എന്നിവയുടെ നേതൃത്വത്തിലാണ് ക്യാമ്പ്
കേരളത്തിന് യുവ പേസ് ബൌളര്‍മാരെ സംഭാവന ചെയ്യാന്‍ ഓസ്ട്രേലിയന്‍ പേസ് ഇതിഹാസം ജെഫ് തോംസണ്‍ വയനാട്ടിലെ കൃഷ്ണഗിരി സ്റ്റേഡിയത്തിലെത്തി. പേസ് ബൌളിങിന്റെ സാങ്കേതികത്വം ക്രിക്കറ്റില്‍ മനോഹരമായി ഉപയോഗിച്ച ജെഫ് തോംസണ്‍, ഇത് കേരളത്തിലെ ക്രിക്കറ്റര്‍മാര്‍ക്ക് പകര്‍ന്നു നല്‍കുകയാണ് ഇവിടെ. കേരള ക്രിക്കറ്റ് അസോസിയേഷന്‍, ഐഡിബിഐ ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി എന്നിവയുടെ നേതൃത്വത്തിലാണ് ക്യാമ്പ്.
രഞ്ജി ട്രോഫി താരങ്ങള്‍ അടക്കംതിരഞ്ഞെടുത്ത അന്‍പതു പേരാണ് ക്യാംപില്‍ പങ്കെടുക്കുന്നത്. ലോക നിലവാരത്തിലേയ്ക്ക് കേരള ബൌളിങ് നിരയെ മാറ്റിയെയുക്കുകയാണ് ക്യാമ്പിന്റെ ലക്ഷ്യം. ബൌളര്‍മാര്‍ക്ക് മാനസികവും ശാരീരികവുമായ കരുത്ത് പകരുകയാണ് ആദ്യ ഘട്ടം. പിന്നീട് സാങ്കേതിക മികവ് വര്‍ധിപ്പിയ്ക്കാനുള്ള പരിശീലനവും നല്‍കും. കൃഷ്ണഗിരി സ്റ്റേഡിയത്തെ പ്രശംസിയ്ക്കാനും ജെഫ് തോംസണ്‍ മറന്നില്ല.
പതിനഞ്ച് പേസര്‍മാര്‍ക്കും അത്ര തന്നെ സ്പിന്നര്‍മാര്‍ക്കും ജെഫ് തോംസണ്‍ പരിശീലനം നല്‍കും. 16 വയസിനും 23 വയസിനും താഴെ പ്രായമുള്ളവര്‍ക്കായാണ് ക്യാമ്പ്. മുന്‍ ഇന്ത്യന്‍ താരങ്ങളായ രമേശ് പവാറും ടിനു യോഹന്നാനും സഹായികളായുണ്ട്. രാവിലെ എട്ടര മുതല്‍ ഉച്ചയ്ക്ക് ഒന്നര വരെയാണ് പരിശീലനം. ക്യാമ്പ് 15ന് സമാപിക്കും.