യന്ത്രത്തകരാർ; അബൂദബി -കോഴിക്കോട് വിമാനം റദ്ദാക്കി, യാത്രക്കാർ പ്രതിസന്ധിയിൽ
യാത്രക്കാരുമായി അഞ്ച് മണിക്കൂർ വിമാനം റൺവേയിൽ കിടന്നു
Update: 2025-01-10 11:55 GMT
ദുബൈ: യന്ത്രത്തകരാറിനെതുടർന്ന് അബൂദബി-കോഴിക്കോട് വിമാനം റദ്ദാക്കി. എയർ ഇന്ത്യ എക്സ്പ്രസ് IX348B വിമാനമാണ് റദ്ദാക്കിയത്. വിമാനം പുറപ്പെടാൻ അൽപസമയം ബാക്കി നിൽക്കുമ്പോഴായിരുന്നു തകരാർ കണ്ടെത്തിയത്.
പുലർച്ചെ 12.40ന് പുറപ്പെടേണ്ട വിമാനം, തകരാറുമൂലം അഞ്ച് മണിക്കൂർ റൺവേയിൽ കിടന്നിരുന്നു. തുടർന്ന് തകരാർ പരിഹരിക്കാനാകാതെ വിമാനം റദ്ദാക്കുകയായിരുന്നു. ബ്രേക്കിനാണ് തകരാറെന്നും, അബുദാബിൽ വെച്ച് തകരാർ പരിഹരിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും അധികൃതർ അറിയിച്ചു.
അതേസമയം, പുലർച്ചെ 6 മണിയോടുകൂടി മുഴുവൻ യാത്രക്കാരെയും വിമാനത്തിൽ നിന്ന് തിരിച്ചിറക്കി ഹോട്ടലിലേക്ക് മാറ്റി. യാത്രക്കാർക്ക് ഭക്ഷണവും താമസവും ഏർപ്പെടുത്തിയെങ്കിലും യാത്ര തുടരുന്നതിനെക്കുറിച്ചുള്ള അറിയിപ്പുകൾ ഇതുവരെയും നൽകിയിട്ടില്ല.