സിഎസ് ഐ സഭയിലും ഭൂമി ഇടപാട് വിവാദം
കോടതി ഉത്തരവ് ലംഘിച്ച് സഭാ സ്വത്ത് വിറ്റുവെന്നാരോപിച്ച് സിഎസ്ഐ മലബാര്‍ ഇടവക ബിഷപ്പ് റോയ്സ് മനോജ് വിക്ടറിനെ വിശ്വാസികൾ ഉപരോധിച്ചു
കോടതി ഉത്തരവ് ലംഘിച്ച് സഭാ സ്വത്തുക്കൾ വാടകക്ക് നല്കി എന്നാരോപിച്ച് സിഎസ്ഐ ബിഷപ് റോയ്സ് മനോജ് വിക്ടറിനെ വിശ്വാസികൾ ഉപരോധിച്ചു. കോഴിക്കോട് നഗരത്തിൽ സഭയുടെ ഉടമസ്ഥതയിലുള്ള കോടികൾ വിലമതിക്കുന്ന സ്ഥലം തുച്ഛമായ വാടകക്ക് കൈമാറി എന്നായിരുന്നു ആരോപണം. സഭക്ക് കീഴിലെ കമ്മിറ്റികള്‍ അറിയാതെ സ്വകാര്യ കച്ചവടസ്ഥാപനത്തിന് നല്കിയ നടപടി പുനപരിശോധിക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു.
സി എസ് ഐ ട്രസ്റ്റ് അസോസിയേഷന്റെ ഉടമസ്ഥതയിലുള്ള 66 സെൻറ് സ്ഥലം സ്വകാര്യവസ്ത്ര സ്ഥാപനത്തിന് വാടകക്ക് കൈമാറിയിരുന്നു. എന്നാൽ അസോസിയേഷന്റെ വസ്തുവകകൾ വിൽക്കുന്നതിനോ, ലീസിന് നൽകുന്നതിനോ പണയപ്പെടുത്താനോ മറ്റ് കരാറുകളിൽ ഏർപ്പെടാനോ പാടില്ലെന്ന കോടതി ഉത്തരവ് നിലനിൽക്കെയാണ് കൈമാറ്റമെന്നാണ് സമരസമിതി പ്രവര്‍ത്തകരുടെ ആരോപണം. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ബിഷപ്പിന്റെ നേതൃത്വത്തിൽ എക്സിക്യൂട്ടീവ് യോഗം ചേരുന്നതിനിടെയാണ് പ്രതിഷേധവുമായി വിവിധ സംഘടനകളുടെ നേതൃത്തിലുള്ള സമരസമിതി രംഗത്തെത്തിയത്
എന്നാൽ ഇക്കാര്യത്തിൽ നിയമലംഘനം നടന്നിട്ടില്ലെന്ന് സഭ നേതൃത്വം വ്യക്തമാക്കി. കൃത്യമായ ടെന്‍റര്‍ നടപടികളിലൂടെയാണ് സ്ഥലം വാടകക്ക് നല്കിയത്. വാടകനിരക്ക് പുതുക്കിയിട്ടുണ്ടെന്നും സഭ അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണകമ്മീഷനെ വെയ്ക്കാമെന്ന് ബിഷപ്പ് റോയ്സ് മനോജ് വിക്ടര് ഉറപ്പ് നല്കിയതിനെ തുടര്‍ന്ന് സമരക്കാര്‍ പിരിഞ്ഞു. രണ്ട് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാമെന്നാണ് ലഭിച്ച ഉറപ്പ്