നേമത്തെ തോല്‍വി: കോണ്‍ഗ്രസ് വോട്ടുകച്ചവടം നടത്തിയെന്ന് ജെഡിയു
നേമം, തിരുവനന്തപുരം മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചു നടന്ന വോട്ടുധാരണയാണ് നേമത്ത് യുഡിഎഫ് മൂന്നാംസ്ഥാനത്താകാന്‍ കാരണമെന്ന് ജെ ഡി യു ജില്ലാ പ്രസിഡന്റ് എന്‍ എം നായര്‍
നേമത്ത് കോണ്‍ഗ്രസ് ബിജെപിയുമായി വോട്ടു കച്ചവടം നടത്തിയെന്ന് ജെ ഡി യു. നേമം, തിരുവനന്തപുരം മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചു നടന്ന വോട്ടുധാരണയാണ് നേമത്ത് യുഡിഎഫ് മൂന്നാംസ്ഥാനത്താകാന്‍ കാരണമെന്ന് ജെ ഡി യു ജില്ലാ പ്രസിഡന്റ് എന്‍ എം നായര്‍ മീഡിയവണിനോട് പറഞ്ഞു. നേമത്തെ വോട്ടുകച്ചവടത്തെക്കുറിച്ച് കോണ്‍ഗ്രസ് യുഡിഎഫ് നേതൃത്വങ്ങള്‍ അന്വേഷണം നടത്തണമെന്നും ജെ ഡി യു ആവശ്യപ്പെട്ടു.
നേമത്തെ തോല്‍വി വിലയിരുത്താന്‍ ചേര്‍ന്ന ജെ ഡി യു ജില്ലാ നേതൃയോഗത്തിലാണ് കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശം ഉയര്‍ന്നത്. നേമത്ത് തദേശ തെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടുപോലും യുഡി എഫിന് ലഭിച്ചില്ല. എല്ലാ ബൂത്തിലും കോണ്‍ഗ്രസ് വോട്ട് ബിജെപിക്കു മറിച്ചു. മണ്ഡലത്തില്‍ സ്വാധീനമുള്ള സാമുദായിക സംഘടനയുടെ താലൂക്ക്തല നേതാവും തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായിരുന്ന മുന്‍ മന്ത്രി വി എസ് ശിവകുമാറുമാണ് വോട്ടു ധാരണക്ക് നേതൃത്വം നല്‍കിയത്. വോട്ടുകച്ചവടമാണ് നടന്നതെന്ന് ജെ ഡി യു ജില്ലാ പ്രസിഡന്റ് എന്‍ എം നായര്‍ ആരോപിച്ചു
ജെ ഡി യു വിന്റെ കോണ്‍ഗ്രസിതര ഘടകകക്ഷികളുടെ വോട്ടുകളും സുരേന്ദ്രപിള്ളക്ക് വ്യക്തിപരമായി ആകര്‍ഷിച്ച വോട്ടുകളും മാത്രമാണ് യുഡിഎഫിന് ലഭിച്ചത്. കോണ്‍ഗ്രസ് വോട്ടുകച്ചവടത്തെക്കുറിച്ച് കോണ്‍ഗ്രസ് യുഡിഎഫ് നേതൃത്വങ്ങള്‍ അന്വേഷിക്കണമെന്ന പ്രമേയവും ജില്ലാ നേതൃയോഗം പാസാക്കി. ജെ ഡി യു ആരോപണം കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണ്.