പട്ടികയായി; പല പ്രമുഖരും പുറത്തായി
സാധ്യതാ പട്ടികയില്‍ ഉണ്ടായിരുന്ന പതിനാല് ഡിസിസി പ്രസിഡന്റുമാരില്‍ പതിമൂന്ന് പേര്‍ക്കും മത്സരിക്കാനുള്ള പച്ചക്കൊടി ഹൈക്കമാന്റ് നല്‍കിയില്ല.
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ പല പ്രമുഖരും പുറത്തായി. പോഷക സംഘടനാ പ്രസിഡന്റുമാരില്‍ കെ.എസ്.യു അധ്യക്ഷന്‍ വി.എസ് ജോയിക്ക് മാത്രമാണ് ഇടം ലഭിച്ചത്. സാധ്യതാ പട്ടികയില്‍ ഉണ്ടായിരുന്ന പതിനാല് ഡിസിസി പ്രസിഡന്റുമാരില്‍ പതിമൂന്ന് പേര്‍ക്കും മത്സരിക്കാനുള്ള പച്ചക്കൊടി ഹൈക്കമാന്റ് നല്‍കിയില്ല.
കപ്പിനും,ചുണ്ടിനും ഇടയില്‍ മത്സരിക്കാനുള്ള അവസരം നഷ്ടപ്പെട്ടതില്‍ എല്ലാ ഗ്രൂപ്പിലും പെട്ട നേതാക്കളുണ്ട്. ചര്‍ച്ചകളുടെ തുടക്കത്തില്‍ സീറ്റ് ഉറപ്പിച്ചിരുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ടി. എന്‍ പ്രതാപനെതിരെ പരസ്യപ്രതികരണം നടത്തിയതിനാലാണ് ഉടുമ്പഞ്ചോലയില്‍ നിന്ന് ഡീന്റെ പേര് വെട്ടിമാറ്റിയത്.കൊല്ലത്ത് അവസാന ഘട്ടം വരെ ഉയര്‍ന്ന് കേട്ട മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ബിന്ദു ക്യഷ്ണക്കും സീറ്റ് നല്‍കിയില്ല. ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്‍റ് ആര്‍ ചന്ദ്രശേഖരന്‍ മത്സരിക്കേണ്ടന്നായിരുന്നു ഹൈക്കമാന്‍റ് തീരുമാനം. അമ്പലപ്പുഴ സീറ്റ് ജെ.ഡി.യുവിന് നല്‍കിയതിനാല്‍ ഷാനിമോള്‍ ഉസ്മാനും നിരാശപ്പെട്ടു. വി.എം സുധീരനൊപ്പം നില്‍ക്കുന്ന കെ.പി അനില്‍കുമാര്‍,ജോണ്‍സണ്‍ എബ്രഹാം,ടോമി കല്ലാനി എന്നിവര്‍ക്കും പട്ടികയില്‍ ഇടം ലഭിച്ചില്ല.കൊയിലാണ്ടിയില്‍ അവസാന ഘട്ടം വരെ കെപി അനില്‍കുമാറിന്റെ പേര് ഉണ്ടായിരുന്നെങ്കിലും തഴയപ്പെട്ടു. ഹൈക്കമാന്‍റ് സീറ്റ് നല്‍കില്ലന്ന് ഉറപ്പായ സാഹചര്യത്തില്‍ ത്യക്കാക്കരയില്‍ നിന്ന് നിലവിലെ എം.എല്‍.എ ബെന്നി ബെഹനാന്‍ പിന്മാറിയിരുന്നു.
മണലൂര്‍ സീറ്റ് ലഭിച്ച ത്യശ്ശൂര്‍ ഡിസിസി അധ്യക്ഷന്‍ ഒ അബ്ദുറഹ്മാന്‍ കുട്ടി മാത്രമാണ് സീറ്റ് ലഭിച്ച ഏക ഡിസിസി പ്രസിഡന്റ്. നേരത്തെ തന്നെ മത്സരിക്കാനില്ലെന്ന് അറിയിച്ച മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, സി.എന്‍ ബാലക്യഷ്ണന്‍ എന്നിവരെ ഹൈക്കമാന്‍റ് പരിഗണിച്ചില്ല. സിറ്റിങ്ങ് എം.എല്‍.എമാരായ ടി.എന്‍ പ്രതാപന്‍, തേറമ്പില്‍ രാമക്യഷ്ണന്‍, പി എ മാധവന്‍ എന്നിവരും ഇത്തവണ അങ്കത്തിനുണ്ടാവില്ല.