ആളും ആരവുമൊഴിഞ്ഞ് വെള്ളാപ്പള്ളിയുടെ വസതി
സമുദായ സംഘടനയുടെ മുന്‍ കയ്യില്‍ രാഷ്ട്രീയപ്പാര്‍ട്ടി പിറന്നതോടെ ഇതര പാര്‍ട്ടിക്കാരുടെ നേരിട്ടുള്ള വരവ് ഇവിടെ ഇല്ലാതായി
തെരഞ്ഞെടുപ്പ് കാലമായാല്‍ തിരക്കിലാകുന്ന ഒരിടമാണ് കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളിയുടെ വസതി. എന്നാല്‍ സമുദായ സംഘടനയുടെ മുന്‍ കയ്യില്‍ രാഷ്ട്രീയപ്പാര്‍ട്ടി പിറന്നതോടെ ഇതര പാര്‍ട്ടിക്കാരുടെ നേരിട്ടുള്ള വരവ് ഇവിടെ ഇല്ലാതായി. പാര്‍ട്ടി പ്രസിഡന്റായ മകന്‍ ഹെലിക്കോപ്ടറില്‍ സഞ്ചരിച്ച് പ്രചാരണം നടത്തുമ്പോള്‍ അച്ഛന്‍ എസ്എന്‍ഡിപി പരിപാടികളിലൂടെ പ്രചാരണം ശക്തമാക്കാന്‍ ശ്രദ്ധിക്കുന്നു.
എസ്എന്‍ഡിപി യോഗത്തിന്റെ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വീടിന് കേന്ദ്ര സര്‍ക്കാരിന്റെ വൈ കാറ്റഗറി സുരക്ഷയൊരുക്കിയെങ്കിലും എന്‍ഡിഎ മുന്നണണിയിലൊഴികെ മറ്റ് വിഐപികളുടെ വരവില്ലാതായി. അനുഭവത്തിന്റെ വെളിച്ചത്തില്‍ ഇതൊക്കെ പ്രതീക്ഷിച്ചിരുന്നുവെങ്കിലും വരവ് മാത്രമാണ് കുറഞ്ഞതെന്നാണ് വെള്ളാപ്പള്ളിയുടെ പക്ഷം. ഒളിഞ്ഞും തെളിഞ്ഞും പരികള്‍ക്കിടയിലും ഫോണിലൂടെയും വോട്ടാവശ്യക്കാര്‍ ബന്ധപ്പെടുന്നുവത്രേ.
ബിഡിജെഎസ് എന്ന പാര്‍ട്ടി തങ്ങളുടേതല്ല എന്ന് ആണയിടുന്നതിന് പിന്നില്‍ എല്ലാ ബന്ധങ്ങളും അങ്ങനെ കളയാന്‍ കഴിയാത്ത വെള്ളാപ്പള്ളി ബുദ്ധിയാണെന്നാണ് അണിയറ വര്‍ത്തമാനം. പരമ്പരാഗതമായ് ഇടതുപക്ഷത്തിന് ലഭിച്ചിരുന്ന ഈഴവ വോട്ടുകള്‍ ആര്‍ക്കു ഗുണം ചെയ്യും അത് വരുന്ന സര്‍ക്കാരിനെ എങ്ങനെ സ്വാധീനിക്കും യുഡിഎഫുമായി എസ്എന്‍ഡിപി യോഗത്തിന്റെ സഹകരണം എങ്ങനെയാവണം ഇതൊക്കെ സംബന്ധിച്ച് തന്റെ അടുപ്പക്കാരുമായി ആലോചിക്കുന്നതാണ് ജനറൽ സെക്രട്ടറിയുടെ പ്രധാന തിരക്ക്.